ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷിച്ച്‌ പരേഡ്; കാനഡയ്ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി

0

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന രീതിയിൽ കാനഡയിൽ നടന്ന പ്രകടനത്തിനെതിരേ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇഇത്തരം പ്രവൃത്തികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെത്തന്നെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഉൾപ്പെടുന്ന പരേഡിന്റെ ദൃശ്യം കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാനഡയിലെ ബ്രാംപ്ടൻനഗരത്തിൽ ജൂൺ നാലിനാണ് സംഭവം നടന്നത്.

വോട്ടിന് വേണ്ടിയല്ലാതെ മറ്റെന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീവ്രവാദികൾക്ക് ഇത്തരം പ്രകടനങ്ങൾ നടത്താനുള്ള അവസരം നൽകുന്നതിൽ കൃത്യമായ മറ്റെന്തോ കാരണമുണ്ടാകണം. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇടംനല്‍കുന്നത് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നല്ലതല്ല, എസ്. ജയശങ്കർ പറഞ്ഞു.

സംഭവത്തെ അപലപിച്ച് കോൺഗ്രസും രം​ഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി ജയശങ്കർ ഇക്കാര്യം കനേഡിയൻ സർക്കാരുമായി ചർച്ച ചെയ്യണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യയിലെ കാനഡിയൻ ഹൈക്കമ്മീഷണർ കാമറോൺ മക്കേയും രംഗത്തെത്തി. അക്രമം പ്രോത്സാഹിപ്പിക്കുന്നവർക്കും മഹത്വവത്കരിക്കുന്നവർക്കും കാനഡയിൽ ഇടമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.