ഇണ ചേർന്നില്ലെങ്കിലും കുഞ്ഞുങ്ങളെ ജനിപ്പിക്കും! അത്ഭുതം ഈ അമേരിക്കൻ പെൺ മുതല

0

കോസ്റ്റാറിക്ക: ഇണ ചേരാതെ തന്നെ പ്രത്യുൽപ്പാദനം നടത്താൻ കഴിവുള്ള പെൺമുതല ശാസ്ത്രലോകത്തിന് കൗതുകമാകുന്നു. കോസ്റ്റാറിക്കയിലെ മൃഗശാലയിൽ പാർപ്പിച്ചിരുന്ന പെൺ മുതലയാണ് ആൺ മുതലകളുമായി ഇണ ചേരാതെ തന്നെ മുട്ടയിട്ടത്. 99.9 ശതമാനം അമ്മ മുതലയുമായി സാദൃശ്യമുള്ള ഒരു കുഞ്ഞുണ്ടാവുകയും ചെയ്തു.

വിർജീനിയ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് , യുഎസിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ അടങ്ങുന്ന സംഘം വിഷയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനു കഴിവുള്ള ജീവികൾ ഉണ്ടെങ്കിലും മുതലയിൽ ഇത്തരമൊരു പ്രതിഭാസം ആദ്യമായാണ്.

ഫാക്കൽറ്റേറ്റീവ് പാർത്തനോജെനസിസ് എന്നാണ് ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷികൾ, ചില പാമ്പുകൾ ഉൾപ്പെടെയുള്ള ഉരഗങ്ങൾ മത്സ്യങ്ങൾ എന്നിവയെല്ലാം ഈ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. കോസ്റ്റാറിക്കയിലെ മൃഗശാലയിൽ 2 വയസുള്ളപ്പോൾ മുതൽ 16 വർഷങ്ങളായി ഇണ ചേരാൻ അനുവദിക്കാതെ അടച്ചിട്ടിരുന്ന മുതലയാണ് 14 മുട്ടകൾ ഇട്ടത്. ഇതിൽ ഒരു മുട്ടയിൽ നിന്നാണ് പൂർണമായും വളർച്ച പ്രാപിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ടെത്തിയത്..

ഡിഎൻഎ പരിശോധനയിൽ നിന്നാണ് ഇണ ചേരാതെ തന്നെയാണ് കുഞ്ഞ് പിറന്നതെന്നടക്കമുള്ള കണ്ടെത്തലുകൾ ലഭിച്ചത്. ബയോളജി ലെറ്റേഴ്സ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജനിതകമായി കൈമാറ്റം ചെയ്യപ്പെട്ടതായിരിക്കാം ഈ കഴിവെന്നാണ് ഗവേഷകരുടെ നിഗമനം. അങ്ങനെയെങ്കിൽ ഡൈനോസറുകൾക്കും ഇണ ചേരാതെ കുഞ്ഞുങ്ങൾ ഉണ്ടാകുമായിരുന്നുവെന്ന് കരുതേണ്ടി വരുമെന്നും ഗവേഷകർ പറയുന്നു. അമെരിക്കൻ മുതലകൾ വംശനാശത്തിന്‍റെ വക്കിലാണ്. വംശനാശം നേരിടുന്ന ജീവികളിൽ ഇത്തരം പ്രതിഭാസം സാധാരണയായി കാണപ്പെടാറുണ്ട്.