അവതാര്‍ 2 ചിത്രീകരണം പൂര്‍ത്തിയായി; മൂന്നാം ഭാഗവും അവസാനഘട്ടത്തിൽ

0

ഹോളിവുഡ് ചലച്ചിത്ര പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജെയിംസ് കാമറൂൺ. വെള്ളിത്തിരയിൽ വിസ്മയം തീർത്ത അവതാര്‍ സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം തീർന്നുവെന്നും, മൂന്നാംഭാ​ഗത്തിന്റെ ചിത്രീകരണം ഭൂരിഭാ​ഗവും അവസാനിച്ചുവെന്നും കാമറൂൺ പറഞ്ഞു. ഏകദേശം നാല് വർഷത്തെ നീണ്ട കഠിന പ്രയത്നത്തിനാണ് കഴിഞ്ഞ ദിവസം തടസങ്ങളൊന്നും കൂടാതെ ഈ ഉദ്യമം അവസാനിച്ചത്.

ലോക്‌ഡൗൺ പ്രതിസന്ധിക്കിടയിലും സിനിമയുടെ ചിത്രീകരണവുമായി കാമറൂൺ മൂന്നോട്ട് പോയിരുന്നു. ന്യൂസീലന്‍ഡായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. ന്യൂസീലന്‍ഡ്‌ പൂർണമായും കോവിഡ് വിമുക്തമായ ഘട്ടത്തിലായിരുന്നു കാമറൂണും സംഘവും അവിടേക്ക് തിരിച്ചത്. പിന്നീട് രാജ്യത്തത് കോവിഡ് രോ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും അവതാർ ചിത്രീകരിക്കാനുള്ള അനുമതി ലഭിച്ചു.

മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാർ 2009ലാണ് ആദ്യമായി കാമറൂൺ വെള്ളിത്തിരയിലെത്തിച്ചത്. അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. 1832 കോടി രൂപയാണ് നിർമാണ ചെലവ്. മൂന്നാം ഭാ​ഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേർന്നാണ് നിർമാണം.

അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് 2012 ലാണ് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കിൽ പിന്നീട് കഥ വികസിച്ചുവന്നപ്പോൾ നാല് ഭാഗങ്ങൾ കൂടി ചേർക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് വന്നതോടെ റിലീസ് നീട്ടി.

പുതുക്കിയ റിലീസ് ഡേറ്റുകൾ: അവതാർ 2–ഡിസംബർ 16, 2022. അവതാർ 3–ഡിസംബർ 20, 2024. അവതാർ 4–ഡിസംബർ 18, 2026. അവതാർ 5–ഡിസംബർ 22, 2028.