നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ജോലി വാഗ്‌ദാനം ചെയ്‌ത്‌ ജപ്പാൻ

0

രസകരമായ ഒരു ജോലി വാഗ്‌ദാനത്തിലൂടെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ജപ്പാൻ. നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ജോലി വാഗ്‌ദാനം ചെയ്‌തു കൊണ്ടാണ് ജപ്പാൻ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ജോലി ചെയ്യുന്ന കുഞ്ഞുങ്ങൾക്ക് ശമ്പളവും സർക്കാർ നൽകുന്നുണ്ട്. സതേൺ ജപ്പാനിലെ ഒരു നേഴ്‌സിങ് ഹോമിലേക്കാണ് നാലു വയസ്സു വരെയുള്ള കുട്ടികളെ ജോലിക്കാരായി എടുക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചത്.

അതീവ രസകരമായ ഒരു ജോലിയാണ് നഴ്സിംഗ് ഹോമിൽ കുട്ടികളെ കാത്തിരിക്കുന്നത്. നഴ്സിംഗ് ഹോമിലെ പ്രായമായ അന്തേവാസികൾക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചിലവഴിക്കുക എന്നതാണ് ഇവർക്കുള്ള ജോലി. ജോലിക്ക് നല്ല ശമ്പളവുമുണ്ട്. നാപ്കിനും പാൽപ്പൊടിയും ആണ് ഈ കുഞ്ഞുങ്ങൾക്കുള്ള ശമ്പളം.

ജോലി എന്ന് പറയുന്നുണ്ടെങ്കിലും കുഞ്ഞുങ്ങളെ യാതൊരു കാര്യങ്ങൾക്കും നിർബന്ധിക്കാൻ നഴ്സിംഗ് ഹോം തയ്യാറല്ല. കുഞ്ഞുങ്ങൾക്ക് ഇഷ്‌ടമുള്ളതെല്ലാം ചെയ്യാം. അവരുടെ ഇഷ്‌ടാനുസരണം ഉറക്കം വരുമ്പോൾ ഉറങ്ങുകയും വിശക്കുമ്പോൾ ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യാം. ബാക്കിയുള്ള സമയത്ത് അവരുടെ മൂഡിനനുസരിച്ച് മാത്രം അന്തേവാസികളുമായി സമയം ചിലവഴിച്ചാൽ മതി. രക്ഷിതാക്കളോടൊപ്പം ആണ് കുട്ടികൾ നഴ്സിംഗ് ഹോമിൽ എത്തേണ്ടത്. കുട്ടികളോടൊപ്പം എപ്പോഴും അമ്മമാർക്ക് നിൽക്കാം.

കുഞ്ഞുങ്ങളുടെ കളിയും ചിരിയും നഴ്സിംഗ് ഹോം അന്തേവാസികളിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ച് ജീവിച്ചിരുന്ന അന്തേവാസികളിൽ കുട്ടികളുടെ സാന്നിധ്യം സന്തോഷം നിറയ്ക്കുന്നതായാണ് നിരീക്ഷണം.