ഫാമിലി സന്ദര്‍ശക വിസ കാലാവധി പുതുക്കാന്‍ അബ്ഷിറിലെ തവസ്സുല്‍ ഉപയോഗിക്കാമെന്ന് സൗദി ജവാസാത്ത്

0

ഫാമിലി സന്ദര്‍ശക വിസ കാലാവധി പുതുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റഫോമായ അബ്ഷിറിലെ തവസ്സുല്‍ സേവനം ഉപയോഗിക്കാമെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ.് ഫാമിലി സന്ദര്‍ശക വിസ നീട്ടുന്നതുമായി ബന്ധപ്പെട്ട പരാതികളും തവാസുല്‍ വഴി ഉന്നയിക്കാമെന്നും ജവാസാത്ത് അറിയിച്ചു. അബ്ഷിര്‍ വഴി ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇതേ പ്ലാറ്റ്‌ഫോമിലെ തവാസ്സുല്‍ സേവനം പ്രയോജനപ്പെടുത്താമെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചിരിക്കുന്നത്.

സന്ദര്‍ശക വിസ വിപുലീകരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യക്തമാക്കി ജവാസാത്ത് ഡയറക്ടറേറ്റിലേക്ക് തവാസുല്‍ സേവനം വഴി സന്ദേശം അയക്കണമെന്നാണ് ജവാസാത്ത് നിര്‍ദേശിച്ചിരിക്കുന്നത്. അബ്ഷിര്‍ വ്യക്തിഗത പ്ലാറ്റ്‌ഫോമില്‍ അവരവരുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് പരാതികള്‍ അറിയിക്കാം. സന്ദര്‍ശക വിസയുടെ കാലാവധി നീട്ടുന്നതില്‍ തടസ്സമുണ്ടായാല്‍ ഗുണഭോക്താക്കള്‍ വിസ നിബന്ധനകള്‍ പാലിക്കണമെന്നും കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വിടണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചിട്ടുമുണ്ട്.

വ്യക്തമായ കാരണമില്ലാതെ തന്നെ ഫാമിലി വിസ കാലാവധി നീട്ടലിനുള്ള നടപടികള്‍ തടസപ്പെടുന്നുണ്ടെന്ന് നിരവധി പ്രവാസികളാണ് പരാതിപ്പെട്ടിരുന്നത്. അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്തശേഷം യഥാക്രമം സര്‍വിസ്, മൈ സര്‍വിസസ്, പാസ്‌പോര്‍ട്‌സ്, തവാസുല്‍ എന്നിവ ക്ലിക്ക് ചെയ്തശേഷം ന്യൂ റിക്വസ്റ്റ്, സെക്ടര്‍, സര്‍വിസസ് എന്നിവ തെരഞ്ഞെടുത്ത് സേവനങ്ങള്‍ ഉറപ്പാക്കാം.