നടിയെ ആക്രമിച്ച കേസ്: കാവ്യയെ ഉടൻ ചോദ്യം ചെയ്യും; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും അന്വേഷണം വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച്. വധഗൂഢാലോചന കേസിൽ ഒന്നരമാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി, ഇനി ദീർഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാവ്യ മാധവനെ അടക്കം ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

സൈബർ വിദഗ്ദ്ധൻ സായി ശങ്കറിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായകമാകും. ദിലീപടക്കമുള്ള പ്രതികളുടെ ഫോണിലെ വിവരങ്ങളുടെ പരിശോധനയും വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ നടപടികൾ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷ.

കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് താനെന്നും ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പൾസർ സുനി സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ വിചാരണ എപ്പോൾ പൂർത്തിയാകുമെന്ന കാര്യം വ്യക്തമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു നടപടി. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പൾസർ സുനി അറസ്റ്റിലായത്.