നീൽമണി ഫൂക്കനും ദാമോദർ മോസോയ്ക്കും ജ്ഞാനപീഠപുരസ്കാരം

0

കഴിഞ്ഞ രണ്ടു വർഷത്തെ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. അസമീസ് കവിയായ നീൽമണി ഫൂക്കനാണ് കഴിഞ്ഞ വർഷത്തെ പുരസ്‌കാരം. കൊങ്കണീസ് സാഹിത്യകാരൻ ദാമോദർ മോസോയ്ക്ക് ഈ വർഷത്തെ പുരസ്‌കാരവും ലഭിച്ചു. സൂര്യ ഹേനു നമി ആഹെ ഈ നൊടിയേടി, ഗുലാപി ജാമൂർ ലഗ്ന, കൊബി എന്നിവയാണ് ഫൂക്കന്റെ പ്രധാന കൃതികൾ.

കൊബിത സമാഹാരത്തിന് 1981ലെ അസമീസ് സാഹിത്യ പുരസ്‌കാരം ലഭിച്ചിരുന്നു. 1990ൽ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഗോവയിലെ പ്രമുഖ കഥാകൃത്താണ് ദാമോദർ മോസോ. സൂദ്, കാർമെലിൻ, സുനാമി സിമോൺ, ഗാഥോൺ, സഗ്രാന്ന എന്നിവയാണ് മൗസോയുടെ പ്രധാന കൃതികൾ. കാർമെലിൻ നോവലിന് 1983ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

സുനാമി സിമോണിന് 2011ൽ വിശ്വ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചു. സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1993ൽ അസമിലെ ഗോഘട്ട് ജില്ലയിലെ ദെർഗാവിലാണ് നീൽമണി ഫൂക്കോയുടെ ജനനം. 1950കളിലാണ് സാഹിത്യരംഗത്ത് സജീവമായിത്തുടങ്ങുന്നത്. 1961ൽ ഗുവാഹത്തി സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1964ൽ ഗുവാഹത്തിയിലെ ആര്യ വിദ്യാപീഠം കോളേജിൽ അധ്യാപനജോലി ആരംഭിച്ചു. അസമീസിൽ ജനപ്രിയനായ കവിയായ നീൽമണി ജാപ്പനീസ്, യൂറോപ്യൻ കവിതകൾ അസമി ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്. 1997ൽ അസം വാലി സാഹിത്യ പുരസ്‌കാരം നേടി. 2002ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചു. 2019ൽ ദിബ്രുഗഢ് സർവകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചിരുന്നു.

1944 ഓഗസ്റ്റ് ഒന്നിന് ദക്ഷിണ ഗോവയിലെ മജോർദയിലാണ് ദാമോദർ മോസോയുടെ ജനനം. മറാത്തി, പോർച്ചുഗീസ് ഭാഷകളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ബോംബെ സർവകലാശാലയിൽനിന്ന് ബി.കോം പൂർത്തിയാക്കി. മുംബൈയിലെ ജീവിതത്തിനിടെയാണ് കൊങ്കണി ഭാഷയിൽ കഥകളെഴുതിത്തുടങ്ങുന്നത്.

മൂന്ന് നോവൽ, അഞ്ച് കഥാസമാഹാരം, മൂന്ന് ബാലസാഹിത്യം അടക്കം നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015ൽ പ്രൊഫ. കൽബുർഗിയുടെ കൊലപാതകത്തെത്തുടർന്ന് രാജ്യത്തെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരായ അതിക്രമങ്ങൾക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിഷയം കേന്ദ്ര സർക്കാരിനോട് ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ സാഹിത്യ അക്കാദമി അധ്യക്ഷന് കത്തെഴുതി. ഇതിനു പിന്നാലെ മോസോയ്‌ക്കെതിരെ വധഭീഷണിയുമുണ്ടായിരുന്നു.