ഇസ്രയേലിന് പൂർണ പിന്തുണ നൽ‌കി അമേരിക്ക; നെതന്യാഹുവിനെ വിളിച്ച് സഹായം വാ​ഗ്ദാനം ചെയ്ത് ബൈഡൻ

0

ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ പശ്ചിമേഷ്യ ഉരുകുന്നതിനിടെ ഇസ്രയേലിന് പൂർണ പിന്തുണ നൽകി അമേരിക്ക. തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇസ്രയേലിനൊപ്പം പാറപോലെ ഉറച്ചുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന് എല്ലാവിധ സഹായവും നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു. എന്നാൽ ഇസ്രയേൽ-ഹമാസ് സംഘർഷം ചൂണ്ടിക്കാട്ടി ബൈഡനെതിരെ അതിരൂക്ഷ വിമർശനമാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉന്നയിക്കുന്നത്. ഇറാന് നൽകിയ സഹായമാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണമായതെന്ന് ട്രംപ് കുറ്റപ്പെടുത്തി.

ഇസ്രയേൽ ഹമാസ് ഏറ്റുമുട്ടൽ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തരമായി ചേരാനിരിക്കുകയാണ്. യു എൻ ഉടനടി ഹമാസിന്റെ പ്രവർത്തനങ്ങളെ കൗൺസിലിൽ വച്ച് ശക്തമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും ഈ മാസം സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റ് പദവി വഹിക്കുന്ന ബ്രസീലിയൻ നയതന്ത്രജ്ഞൻ സെർജിയോ ഫ്രാൻസ് ഡാനിസിനും കത്തയച്ചു.

ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 250 ആയി. 1100ലേറെ പേർക്ക് ആക്രമണങ്ങളിൽ പരുക്കേറ്റു. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 230 പലസ്തീനികൾ കൊല്ലപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.