ജയലളിതയായി കങ്കണ; വൈറലായി ചിത്രങ്ങൾ

0

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള ‘തലൈവി’യില്‍ നിന്നുള്ള കങ്കണ റണാവത്തിന്റെ പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലുള്ള ഇടവേളയ്ക്ക് ശേഷം ഈയടുത്താണ് തലൈവിയുടെ ചിത്രീകരണം പുനഃരാരംഭിച്ചത്.

കങ്കണയുടെ ആരാധകരുടെ ട്വിറ്റർ അക്കൗണ്ടായ ടീം കങ്കണയിലാണ് പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എ.എല്‍ വിജയാണ് തലൈവി സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഓരോവിവരങ്ങളും കങ്കണ തന്നെ ആരാധകരുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി ചിത്രീകരണം ആരംഭിക്കാൻ പോകുന്ന വിവരവും ഇത്തരത്തിൽ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ അടുത്ത ഷെഡ്യൂളും പൂർത്തിയായെന്ന സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. ലൊക്കോഷനിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് വിവരം അറിയിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ജയലളിത എന്നു തന്നെ തോന്നിപ്പോകുന്ന സമാനതകളാണ് ചിത്രത്തിൽ കങ്കണയ്ക്കുള്ളത്.

ജയ അമ്മയുടെ അനുഗ്രഹത്തോടെ തലൈവി-ദി റവല്യൂഷണറി ലീഡറിന്‍റെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയായി. കൊറോണയ്ക്ക് ശേഷം പല കാര്യങ്ങളിലും മാറ്റം വന്നെങ്കിലും ആക്ഷനും കട്ടിനും ഇടയ്ക്കുള്ള കാര്യങ്ങളിൽ മാത്രം മാറ്റമൊന്നുമുണ്ടായിട്ടില്ല’ ടീമഗംങ്ങൾക്ക് നന്ദി അറിയിച്ച് കങ്കണ ട്വിറ്ററിൽ കുറിച്ചു.

വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്.