കാര്‍ഗിൽ യുദ്ധത്തിന് രണ്ട് പതിറ്റാണ്ട്; ധീരജവാന്മാരുടെ വീരസ്മരണയിൽ‌ രാജ്യം

0

ഭാരതാംബയുടെ മണ്ണിൽ നുഴഞ്ഞുകയറിയ പാക്കിസ്ഥാന്‍ സൈന്യത്തെയും ഭീകരരെയും തുരത്തിയോടിച്ച കാര്‍ഗിൽ യുദ്ധത്തിന് ഇന്നേക്ക് രണ്ട് പതിറ്റാണ്ട് തികയുന്നു. പാകിസ്താൻ പട്ടാളത്തിനെതിരെ ഇന്ത്യനേടിയ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നാണ് കാർഗിൽ. കാർഗിൽ കുന്നുകളെ ജീവത്യാഗം ചെയ്ത് തിരികെ പിടിച്ച 527 ധീരജവാന്മാരുടെയും ഇന്ത്യൻ സൈന്യത്തിന്‍റെ പോരാട്ട വീര്യത്തിന്‍റേയും ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ ആദരവോടെ രാഷ്ട്രം.1999 ജൂലൈ 26 നാണ് നിയന്ത്രണ രേഖ ലംഘിച്ച് കാര്‍ഗിൽ മലനിരകൾ കൈയ്യടക്കിയ പാകിസ്ഥാനെ പോരാട്ടത്തിലൂടെ ഇന്ത്യ പരാജയപ്പെടുത്തിയത്. പാക്ക് പട്ടാള മേധാവിയായിരുന്ന പര്‍വേശ് മുഷറഫിന്റെ ആസൂത്രണമായിരുന്നു ഇത്. ആട്ടിടയന്മാരിലൂടെ ശത്രുവിനെ തിരിച്ചറിഞ്ഞ സൈന്യം ഓപ്പറേഷന്‍ വിജയ് എന്ന പേരിൽ സനിക നീക്കം ആരംഭിച്ചു.

18000 അടി ഉയരത്തിലുള്ള കാര്‍ഗില്‍ മലനിരകള്‍ക്ക് മുകളിലിരുന്ന് ആധിപത്യം ഉറപ്പിച്ച് യുദ്ധം ചെയ്തിട്ടും കരസേനയുടെ പീരങ്കിപ്പടയും വ്യോമസേനയും അന്നേവരെ കണ്ടിട്ടില്ലാത്ത തന്ത്രങ്ങള്‍ മാറ്റിമാറ്റി പരീക്ഷിച്ചപ്പോള്‍ പാക്ക് സൈന്യം അടിയറവുപറയുകയായിരുന്നു.ജമ്മു കശ്മീരിലെ കാര്‍ഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യൻ സൈന്യവും പാകിസ്ഥാൻ സൈന്യവും നടത്തിയ സായുധ പോരാട്ടമാണ് കാര്‍ഗിൽ യുദ്ധം. ഇന്ത്യൻ പ്രദേശത്തെ സുപ്രധാനമായ ഉന്നത താവളങ്ങൾ നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്ഥാൻ പിടിച്ചെടുത്തതാണ് യുദ്ധത്തിന് കാരണം. കാശ്മീരിൽ ശൈത്യകാലം രൂക്ഷമാകുമ്പോള്‍ ഇരുരാജ്യങ്ങളും കാവൽതുറകൾ ഉപേക്ഷിച്ച് വസന്ത കാലത്ത് തിരിച്ചെത്തുന്നത് പതിവായിരുന്നു. എന്നാൽ 1998 ഒക്ടോബറില്‍ ഇന്ത്യൻ പ്രദേശത്തിനു മേൽക്കൈ നൽകിയിരുന്ന പട്ടാളത്തുറകൾ പാകിസ്ഥാൻ രഹസ്യമായി പിടിച്ചെടുത്ത് സ്വന്തം താവളമാക്കി മാറ്റി. പാകിസ്ഥാൻ്റെ അപ്രതീക്ഷിത തുഴഞ്ഞുകയറ്റം ഇന്ത്യ അറിഞ്ഞില്ല. ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തിലാണ് ഇന്ത്യ പാകിസ്ഥാൻ്റെ നുഴഞ്ഞുകയറ്റം അറിഞ്ഞത്.

പാകിസ്ഥാൻ കൈയ്യടിക്കയ ദേശീയപാത 1.എ. യുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നതായിരുന്നു ഇന്ത്യയുടെ ആദ്യലക്ഷ്യം. പിന്നീട്ട് ടോലോലിങ്ങ് കുന്നും, ടൈഗർ കുന്നും കൈവശപ്പെടുത്താനുമായിരുന്നു ഇന്ത്യ ചിന്തിച്ചത്. അങ്ങനെ ഇന്ത്യൻ കര,വ്യോമ, നാവിക സേനകളുടെ ശക്തവും ധീരവുമായ പോരാട്ടത്തിൽ പാക് പടയാളികൾ ജൂലൈ 26 ന് പോരാട്ടം അവസാനിപ്പിച്ച്‌ അടിയറവു പറയുകയായിരുന്നു.

72 ദിവസം നീണ്ട യുദ്ധം അവസാനിച്ചപ്പോള്‍ നുഴഞ്ഞുകയറിയ പ്രദേശങ്ങളെല്ലാം ഇന്ത്യ തിരിച്ചുപിടിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെ 527 ധീര ജവാന്മാരാണ് പിറന്ന മണ്ണിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ചത്. യുദ്ധം വിജയിച്ച ജൂലായ് 26 കാര്‍ഗില്‍ വിജയദിവസായി ആചരിക്കുന്നതിലൂടെ ആ ധീര ജവാൻമാരുടെ ദീപ്ത സമരണകൾക്കുമുന്നിൽ നാം ഓരോ ഇന്ത്യക്കാരും മനസാ നമിച്ചുകൊൾകയാണ്. ദൃഢനിശ്ചയത്തിന്റെയും ജീവത്യാഗത്തിന്റെയും ഒരോർമ്മപുതുക്കൾ കൂടിയാണ് നാം ഓരോരുത്തർക്കും ഓരോ ജൂലൈ 26റും