കേരളം പൊള്ളുന്നു; സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് മൂന്നുപേർ മരിച്ചു: 5 ജില്ലകളില്‍ മുന്നറിയിപ്പ്

1

കൊടും ചൂടിൽ കേരളം വെന്തുരുകുന്നു. ഞായറാഴ്ച സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് മൂന്നുപേർ മരിച്ചു. പത്തുപേർക്ക് സൂര്യതാപമേറ്റു. അടുത്ത രണ്ടുദിവസം ചൂട് വീണ്ടും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താപനില ശരാശരിയേക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി വരെ ഉയരും.

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. വേനല്‍ മഴ അകന്നുനില്‍ക്കുകയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുമാണ് സംസ്ഥാനം ചുട്ടുപൊള്ളാന്‍ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേർക്കാണ് സൂര്യാഘാതമേറ്റത്.

തിരുവനന്തപുരത്ത് നെയ്യാറ്റിൻകര അയിര പെരിക്കാവിള ആവണിയിൽ കരുണാകരൻ (43), കണ്ണൂരിൽ വെള്ളോറ ചെക്കിക്കുണ്ടിലെ കാടൻവീട്ടിൽ നാരായണൻ (67), കോഴഞ്ചേരി ഹൗസിങ് ബോർഡ് കോളനിയിലെ താമസക്കാരനായ ഷാജഹാൻ (55) എന്നിവരാണ് മരിച്ചത്. സൂര്യാഘാതം മൂലമാണ് മരണമെന്നാണ് സംശയം.

നെയ്യാറ്റിൻകര കോടതിയിലെ ബെഞ്ച് ക്ലാർക്ക് കരുണാകാരന് സൂര്യാഘാതമേടറ്റു പാടത്ത് പണിയെടുക്കുന്നതിനിടയിലാണ് സൂര്യ താപമേറ്റത്.ഞായറാഴ്ച രാവിലെ പത്തുമണിയോടെ അയിര ഏലായിലായിരുന്നു സംഭവം. കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. കാടൻവീട്ടിൽ നാരായണനെ (67) വീടിനുസമീപത്തെ പാറപ്രദേശത്ത് മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു. കാലുൾപ്പെടെ ശരീരത്ത്‌ പലഭാഗത്തും പൊള്ളിയ നിലയിലായിരുന്നു മൃതദേഹം.

മരച്ചുവട്ടിൽ കിടന്നുറങ്ങവേയാണ് ഷാജഹാൻ മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള റോഡിൽ ഇയാളെ അവശനായി കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന സ്ഥലത്തെത്തിയ പോലീസ് ഷാജഹാനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിന്റ പിറകിൽ പൊള്ളിയ പാടുകളുണ്ടെന്ന് ആറൻമുള പോലീസ് പറഞ്ഞു.

സൂര്യാഘാതത്തിനു പുറമേ ചിക്കൻപോക്സ്, കോളറ, ഡെങ്കിപ്പനി അടക്കം സാംക്രമിക രോഗങ്ങള്‍ക്കും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണണെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.