കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം

0

തിരുവനന്തപുരം: ഒന്നരമാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ കേരളത്തിന്റെ വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കൊട്ടിക്കലാശമില്ലാതെ പ്രചാരണത്തിന് കൊടിയിറങ്ങിയതോടെ മുന്നണികൾക്ക് ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകളാണ്. അവസാന വോട്ടും ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ കളത്തിൽ സജീവമാണ്. കേരളത്തിന്റെ വിധിയെഴുതാനായി രണ്ടു കോടി എഴുപത്തിനാല് ലക്ഷം വോട്ടർമാർ നാളെ ബൂത്തുകളിൽ എത്തും.

140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളിൽ വൈകീട്ട് ഏഴുവരെയും ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിലാണ് വൈകീട്ട് ആറുവരെ വോട്ട്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുക. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ബൂത്തുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കൊവിഡ് ബാധിതർക്കും, ക്വാറൻ്റീനിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം.

957 സ്ഥാനാർഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരരംഗത്തുള്ളത്. മലപ്പുറം പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 27446039 വോട്ടർമാരാണുള്ളത്. ഇതിൽ 518520 പേർ കന്നി വോട്ടർമാരുമാണ്.

കർശന സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്തു തുടങ്ങും. കൊവിഡ് പശ്ചാത്തലം കൂടി പരിഗണിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക്നൽകിക്കഴിഞ്ഞു.

സംസ്ഥാനത്ത് 59,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. 140 കമ്പനി കേന്ദ്രസേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തിൽ ഇതാദ്യമായാണ് എത്തുന്നത്. അതിർത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത് എന്നിവ തടയാൻ 152 സ്ഥലങ്ങളിൽ അതിർത്തി അടക്കും