കിഴക്കമ്പലം വെള്ളരിക്കാ പട്ടണമല്ല

0

ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഫെഡറൽ സങ്കൽപത്തിലധിഷ്ഠിതമായ ഭരണവ്യവസ്ഥയും ജനാധിപത്യവും അനുശാസിക്കുന്ന ഒരു സംസ്ഥാനത്തിലെ, കേരളത്തിലെ ഒരു ഭൂപ്രദേശം മാത്രമാണ് കിഴക്കമ്പലം . അവിടെ പ്രത്യേക രാജവാഴ്ചയോ ഡി ഫാക്ടോ ഭരണാധികാരിയോ നിലവിലില്ല. എന്നാൽ പ്രദേശവാസികൾക്ക് ചില നക്കാപ്പിച്ച ആനുകൂല്യങ്ങൾ നൽകി കിഴക്കമ്പലത്തിന്ന് മാത്രമായി ഒരു അരാഷ്ടീയ സംഘടന രൂപീകരിച്ച് പ്രദേശത്തിൻ്റെ സുൽത്താനായി വാഴുന്ന കിറ്റെക്സ് മുതലാളി ഓർമ്മിക്കേണ്ട ഒരു യാഥാർത്ഥ്യമുണ്ട്. അത് മറ്റൊന്നുമല്ല, കേരളത്തിലെ മൂന്നര കോടി ജനസംഖ്യയിൽ കേവലം ഒരു വ്യക്തി മാത്രമാണ് താൻ എന്നതാണ് ആ യാഥാർത്ഥ്യം.

എന്നാൽ പണവും മുതലാളി എന്ന മേൽവിലാസവും ഈ മനുഷ്യനെ മത്ത് പിടിപ്പിച്ചിട്ടുണ്ട് എന്ന് തന്നെയാണ് അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മനസ്സിലാക്കാൻ കഴിയുന്നത്. രണ്ടു ദിവസം മുൻപ് അദ്ദേഹത്തിൻ്റെ തൊഴിലാളികൾ എന്നവകാശപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികൾ കാട്ടിക്കൂട്ടിയ പരാക്രമങ്ങളെ നിസ്സാരവൽക്കരിക്കാനും ന്യായീകരിക്കാനും അദ്ദേഹം കാണിക്കുന്ന താല്പര്യവും ഉത്സാഹവും ഈ വിശ്വാസത്തെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. നിയമവാഴ്ചയെ തടസ്സപ്പെടുത്തുന്നവർ ആരുടെ തണലിൽ വളരുന്നവരായാലും അവരെ നിയമത്തിൻ്റെ വഴിയിൽ കൊണ്ടു വരേണ്ടത് ഭരണാധികാരികളുടെ ചുമതല തന്നെയാണ്.

അന്യ സംസ്ഥാന തൊഴിലാളികളെ അതിഥികളായി പരിഗണിച്ച ഒരു സർക്കാറിൻ്റെ നിയമവാഴ്ചയുടെ പ്രതീകമായ പോലീസിൻ്റെ വാഹനം തന്നെ മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ലഹരിയിൽ തീവെച്ചു നശിപ്പിച്ചവർക്ക് ഇനിയും അതിഥികളെന്ന പരിഗണന നൽകേണ്ടതില്ല. അവർ ക്രിമിനലുകൾ തന്നെയാണ്. കൊടും കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന രീതിയിൽ തന്നെയാണ് ഇവരെ കൈകാര്യം ചെയ്യേണ്ടത്. അവർ ഒരു ദയയും പരിഗണനയും അർഹിക്കുന്നില്ല.

എന്നിട്ടും സാബു മുതലാളി പറയുന്നത് പോലീസ് നടപടി വേഗത്തിലായിപ്പോയി എന്നാണ്. രണ്ടു മണിക്കൂറിനകം പ്രതികളെ പിടിച്ചത് തെറ്റായിപ്പോയി എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. അതു മാത്രമല്ല, മൂന്ന് ക്വാർട്ടേഴ്സുകളിൽ നിന്നാണ് 164 പ്രതികളെ പിടിച്ചതെന്നാണ് സാബു വർഗീസ് പറഞ്ഞത് ‘ അപ്പോഴും ഒരു കാര്യം ആലോചിക്കേണ്ടതുണ്ട്. 164 പേരെ താമസിപ്പിക്കാൻ കഴിയുന്ന 3 ക്വാർട്ടേഴ്സുകൾ കിഴക്കമ്പലത്തുണ്ടെന്നതും അതിശയകരം തന്നെ. സാബു വർഗീസ് ഇന്ത്യയിലെ ഭരണ വ്യവസ്ഥയ്ക്കും നിയമങ്ങൾക്കും അതീതനാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അദ്ദേഹം വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ തന്നെയാണ് ജീവിക്കുന്നത് എന്ന് തന്നെ വേണം കരുതാൻ.