ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ശൈലജ ടീച്ചറെ യുഎന്‍ ക്ഷണിച്ചതെന്ന് കെ.എം.ഷാജി

0

കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ.ശൈലജ യുഎന്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചത് പി.ആര്‍.വര്‍ക്കാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ശൈലജ ടീച്ചറെ യുഎന്‍ ക്ഷണിച്ചതെന്ന് തങ്ങള്‍ക്ക് സംശയമുണ്ടെന്നും ഷാജി പറഞ്ഞു. യൂത്ത് ലീഗ് സത്യാഗ്രഹസമര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“യുഎന്നിന്റെ വെബ്‌സെമിനാറില്‍ ശ്രീമതി ടീച്ചര്‍ പോയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉമ്മന്‍ചാണ്ടിയെ നിങ്ങള്‍ കളിയാക്കിയത് പോലെ ഞങ്ങള്‍ കളിയാക്കുന്നില്ല. കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും മികച്ച മാതൃക കാണിച്ചത് ന്യൂസിലന്‍ഡും സ്വീഡനുമാണ്. എന്നാല്‍ ശ്രീമതി ടീച്ചര്‍ പങ്കെടുത്ത യുഎന്നിന്റെ വെബ്‌സെമിനാറില്‍ ന്യൂസിലന്‍ഡിന്റേയും സ്വീഡന്റേയും പ്രതിനിധികള്‍ ഇല്ലായിരുന്നു. ജര്‍മനിയുടേയും ഓസ്‌ട്രേലിയയുടേയും പ്രതിനിധികള്‍ ഇല്ലായിരുന്നു. നിങ്ങള്‍ ക്ഷണിക്കപ്പെട്ടത് ഒരു പി.ആര്‍.വര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും ഞങ്ങള്‍ അഭിമാനിക്കുന്നു,” ഷാജി പറഞ്ഞു.

ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ടീച്ചറെ യുഎന്‍ വിളിച്ചത്. അല്ലെങ്കില്‍ സ്വീഡനേയും ന്യൂസിലന്‍ഡിനേയുമൊക്കെ ക്ഷണിക്കേണ്ടതല്ലേ എന്നും ഷാജി ചോദിച്ചു.

കോവിഡിന്റെ കാലത്ത് രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. രാഷ്ട്രീയം പറയരുതെന്ന് പറഞ്ഞ്‌ മുല്ലപ്പള്ളിക്കെതിരെ കുരച്ചുചാടുന്നു. ഇനിയും ഷുക്കൂര്‍മാരെയുണ്ടാക്കുമെന്ന് ഡിവൈഎഫ്‌ഐക്കാര്‍ക്ക് വിളിച്ചുപറയാം. അതൊന്നും രാഷ്ട്രീയമല്ല. ഒരു മാസ്‌ക് തന്ന് തങ്ങളുടെ വായ അടപ്പിക്കാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത നെറികേടാണ് പിണറായി വിജയന്‍ നടത്തുന്നത്. കോവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ കണക്ക് പറയാനോ, അവ കണക്കില്‍ ഉള്‍പ്പെടുത്താനോ തയ്യാറാകുന്നില്ല. സര്‍ക്കാര്‍ ചെയ്ത വിവരക്കേട് കൊണ്ടാണ് യഥാര്‍ത്ഥത്തില്‍ കോവിഡ് ഇത്രയധികം വ്യാപിക്കാന്‍ കാരണമായതെന്നും ഷാജി പറഞ്ഞു.