കെഎസ്ആർടിസിയിൽ 24 മണിക്കൂ‍ർ പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക്; ജനജീവിതത്തെ ബാധിക്കുന്നു, നേരിടാൻ ഡയസ്നോൺ

0

കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുന്നതായി ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ അറിയിച്ചു.

ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 മണിക്കൂർ പണിമുടക്കുമെന്നാണ് പ്രതിപക്ഷ സംഘടനകൾ അറിയിച്ചത്. എന്നാൽ സിപിഐഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും.

40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് നിഗമനം. തെക്കൻ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെയാവും പണിമുടക്ക് ബാധിക്കുക. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നാണ് യൂണിയനുകൾ കുറ്റപ്പെടുത്തുന്നു. ഈ മാസം 10ന് ശമ്പളം നൽകാമെന്നാണ് വ്യാഴായ്ച നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി.