കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ ഒഴിപ്പിക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കുന്നു

0

കുവൈത്ത് സിറ്റി: സ്വദേശി മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ ഒഴിപ്പിക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കി അധികൃതർ. ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളിലോ സമയത്തേക്കോ മാത്രമായി പരിശോധന പരിമിതപ്പെടുത്തില്ലെന്നും വിദേശി ബാച്ചിലര്‍മാരെ പൂര്‍ണമായി ഒഴിപ്പിക്കുന്നതുവരെ ദൗത്യം തുടരുമെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ ഉസാമ അല്‍ ഉതൈബി അറിയിച്ചു.

സ്വദേശികളുടെ താമസ മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടാന്‍ ജൂലൈ ഒന്നു മുതല്‍ വ്യാപക പരിശോധന തുടങ്ങിയിരുന്നു. നിയമ വിരുദ്ധമായി ബാച്ചിലര്‍മാരെ സ്വദേശി മേഖലകളില്‍ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ മുൻകൂട്ടി അറിയിച്ചിരുന്നു.

സ്വദേശികളുടെ താമസ മേഖലയിൽ പ്രവാസികൾ താമസിക്കുന്നതിനോട് നേരത്തെതന്നെ വിയോജിപ്പുകൾ ഉണ്ടായിരുന്നു. ഇങ്ങനെ താമസിക്കുന്നത് സ്വദേശികൾക്ക് ഭീഷണിയാകുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാൽ ഇപ്പോൾ ഇത്തരം താമസ മേഖലയിൽ വിദേശി കുടുംബങ്ങൾക്ക് താമസിക്കുന്നതിന് തടസമില്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബാച്ചിലര്‍മാര്‍ക്ക് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കുവൈത്തി ആറ് ഗവര്‍ണറേറ്റുകളിലായി ഇതുവെര 70 പരാതികളാണ് ലഭിച്ചത്. ജഹ്റയില്‍ മാത്രം 40 പരാതികള്‍ ലഭിച്ചു. 102 പേര്‍ക്ക് നോട്ടീസുകള്‍ നല്‍കി. 428 കെട്ടിടങ്ങളില്‍ ഇതുസംബന്ധിച്ച അറിയിപ്പുകള്‍ നല്‍കാനായി സ്റ്റിക്കറുകള്‍ പതിച്ചു. 53 കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചതായി കെട്ടിട ഉടമകള്‍ അറിയിച്ചു. വിദേശികള്‍ ഒഴിയാത്ത 70 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും അധികൃതര്‍ അറിയിച്ചു.