പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയുമായി അധികൃതര്‍. നിലവില്‍ തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ മൂന്ന് മാസത്തോളം കാലതാമസം വരുന്ന സാഹചര്യത്തില്‍ നിന്ന് 10 ദിവസത്തിനുള്ളില്‍ തന്നെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി തൊഴില്‍ പെര്‍മിറ്റ് ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

പ്രവാസികളുടെ മാതൃരാജ്യങ്ങളിലുള്ള അക്രഡിറ്റഡ് ആശുപത്രികളുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വിശദമാക്കുന്നു. പ്രവാസികള്‍ക്കുള്ള മെഡിക്കല്‍ പരിശോധന നാല് ദിവസമാക്കി കുറയ്‍ക്കും. ഇതില്‍ രണ്ട് ദിവസം അവരുടെ സ്വന്തം രാജ്യത്തുവെച്ചും ബാക്കി രണ്ട് ദിവസം കുവൈത്തില്‍ എത്തിച്ചേര്‍ന്ന ശേഷവുമായിരിക്കും. മെഡിക്കല്‍ പരിശോധനകള്‍ക്ക് ആവശ്യമായി വരുന്ന സമയപരിധി കുറച്ചുകൊണ്ടുവരുന്നതിലൂടെ പത്ത് ദിവസത്തിനുള്ളിലോ ഒരാഴ്ചയ്‍ക്കുള്ളിലോ ഒക്കെ തൊഴില്‍ പെര്‍മിറ്റ് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റി അധികൃതര്‍ വിശദമാക്കുന്നു.

പുതിയ സംവിധാനം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ബോര്‍ഡ് പരിശോധിച്ച് അംഗീകാരം നല്‍കേണ്ടതുണ്ട്. ഇതോടെ പരിശോധനാ കേന്ദ്രങ്ങളില്‍ അന്വേഷണവുമായെത്തുന്ന പ്രവാസികളുടെ അവസ്ഥ അവസാനിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയാലും ഇത് നടപ്പാക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അല്‍ റായ് പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പുതിയ സംവിധാനം വരുമ്പോള്‍ പരിശോധനാ നടപടികള്‍ക്കുള്ള ഫീസും ഇപ്പോഴുള്ളതിനേക്കാള്‍ കൂടിയേക്കും. ഇക്കാര്യത്തിലുള്ള തീരുമാനവും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പരിഗണനയിലാണ്. കൊവിഡ് പ്രതിസന്ധിക്കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി കുവൈത്തില്‍ ഇപ്പോള്‍ വലിയ തോതില്‍ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്.