കേന്ദ്ര മന്ത്രിമാരായ നഖ്‌വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു

0

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രിയായി നഖ്വി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിസമ‍ര്‍പ്പിച്ച്. നഖ്വിയുടെയും രാം ചന്ദ്ര പ്രസാദ് സിങ്ങിന്റെയും രാജ്യസഭയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജി.

ബിജെപി നേതാവായ നഖ്വിക്കും ജെഡിയു നേതാവായ സിങ്ങിനും പാര്‍ട്ടികള്‍ വീണ്ടും രാജ്യസഭാ ടിക്കറ്റ് നല്‍കിയിരുന്നില്ല. സഭാംഗമല്ലാതെ ആറു മാസം കൂടി മന്ത്രിസ്ഥാനത്തു തുടരാമെന്നിരിക്കെ, ഇരുവരും തുടരേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം എന്നാണ് സൂചന.

ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നഖ് വിയുടെയും സിങ്ങിന്റെയും പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചതായും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിന് പിന്നാലെ ഇരുവരും രാജിവയ്ക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. അതേസമയം മുക്താ‍ര്‍ അബ്ബാസ് നഖ്വി ഉപരാഷ്ട്രപതി സ്ഥാനാ‍ര്‍ത്ഥിയായേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.