പശ്ചിമ ബംഗാളില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പു തുടങ്ങി

0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പു തുടങ്ങി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്ത് ആരംഭിച്ച ആക്രമണ പരമ്പരകള്‍ക്കിടെ അതീവ സുരക്ഷക്കിടെയാണ് ഇന്ന് വോട്ടെടുപ്പ്. പോളിങ്ങ് തുടങ്ങിയതു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമ സംഭവങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ ഗതി തീരുമാനിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പാണിത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 5 മണിക്ക് അവസാനിക്കും. ജൂലൈ 11 നാണ് വോട്ടെണ്ണല്‍.

64,000 പേരാണ് മത്സര രംഗത്തുള്ളത്. 5.67 കോടിയോളം വോട്ടര്‍മാരാണു സമ്മതിദാന അവകാശം ഉപയോഗിക്കുന്നത്. ആക്രമണത്തില്‍ ഇതിനകം 18 പേര്‍ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി 485 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. 70,000 പോലീസുകാര്‍ക്ക് പുറമേയാണിത്. സംസ്ഥാനത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കേന്ദ്ര സേന എത്തുന്നത് ആദ്യമായാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്ക് പ്രകാരം 3,317 പഞ്ചായത്തുകളിലായി 63,229 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

2013ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. 2018 ല്‍ 90 ശതമാനം പഞ്ചായത്ത് സീറ്റിലും 20 ജില്ലാ പഞ്ചായത്ത് സീറ്റിലും തൃണമൂല്‍ വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേകളും പ്രവചിക്കുന്നത്. 20ല്‍ 15 ജില്ലാ പഞ്ചായത്തുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പ്രവചനം.

928 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 526 മുതല്‍ 684 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. ബി ജെ പിക്ക് 175 മുതല്‍ 275 സീറ്റ് വരെ ലഭിക്കാം. ഇടത് കോണ്‍ഗ്രസ് സഖ്യത്തിന് 57 മുതല്‍ 120 സീറ്റ് വരെ ലഭിക്കാം.

സംസ്ഥാനത്തെ സ്വാധീനം ഉറപ്പിക്കാന്‍ തൃണമൂലും കടന്നുകയറാന്‍ ബിജെപിയും മുന്നേറ്റം നടത്താന്‍ ഇടത് കോണ്‍ഗ്രസ് സഖ്യവും ശ്രമിക്കുന്ന ഈ തിരഞ്ഞെടുപ്പിന് ബംഗാള്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രധാന്യമുണ്ട്.

സംസ്ഥാനത്ത് തുടര്‍ച്ചയായി ഭരണം കൈയ്യാളിയ സി പി എമ്മിനെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ നന്ദിഗ്രാം, സിംഗൂര്‍ സമരത്തിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനു പിന്നില്‍ അണിനിരന്ന ബി ജെ പി സ്വന്തം സ്വത്തം വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചതോടെ പരസ്പരം അകന്നു. അധികാരത്തില്‍ നിന്നു പുറത്തു പോയ സി പി എം, തൃണമൂല്‍-ബി ജെ പി- ഇടതു തീവ്രവാദ സഖ്യത്തില്‍ നിന്നു കടുത്ത കടന്നാക്രമണമാണു നേരിട്ടത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ നില്‍ത്താന്‍ പോലും കഴിയാത്ത വിധം സി പി എം കടന്നാക്രമണം നേരിട്ടിരുന്നു.

ഇത്തവണ ഇടതു മുന്നണി പ്രചാരണ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്.
ഇടതു സ്ഥാനാര്‍ഥികളോ കോണ്‍ഗ്രസിലേയോ ഈ സഖ്യം പിന്‍തുണക്കുന്ന സ്വതന്ത്രരോ മത്സരിക്കാത്ത ഇടങ്ങളില്‍ ആര്‍ക്കും വോട്ടു ചെയ്യേണ്ടെന്ന് ഇടതു മുന്നണി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പു മൂലം ഇടതു സ്ഥാനാര്‍ഥിയില്ലാത്ത ഇടങ്ങളില്‍ ബി ജെ പിക്ക് വോട്ട് ചെയ്യുന്ന ജനങ്ങളുടെ ശൈലി 2018ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു. ആ ശൈലി അവസാനിപ്പിക്കണമെന്നാണ് പാര്‍ട്ടി ജനങ്ങള്‍ക്കു നല്‍കിയ നിര്‍ദ്ദേശം. ബിജെപിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും തുല്യഅകലം പാലിക്കുകയെന്നതാണ് തങ്ങളുടെ നിലപാടെന്നാണ് സി പി എംപറയുന്നത്.