ഗാന്ധിജിയുടെ പേരകുട്ടിയുടെ മകന്‍ സതീഷ് ദുപേലിയ കോവിഡ് ബാധിച്ച് മരിച്ചു

0

ജൊഹാനസ്ബര്‍ഗ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകനും ഡര്‍ബനിലെ സാമൂഹ്യപ്രവര്‍ത്തകനുമായ സതീഷ് ദുപേലിയ (66) ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവുമാണ് മരണകാരണമായതെന്ന് സഹോദരി ഉമ ദുപേലിയ അറിയിച്ചു.

ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ പേരമകനാണ് സതീഷ്. സീത-ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനാണ് സതീഷ്. ഉമ ദുപേലിയ, കീര്‍ത്തി മേനോന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ദക്ഷിണാഫ്രിക്കയില്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ മണിലാല്‍ ഗാന്ധിയെ ഏല്‍പ്പിച്ചായിരുന്നു ഗാന്ധിജി മടങ്ങിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ അവിടെ തന്നെ തുടരുകയായിരുന്നു. ഡര്‍ബനിലെ ഗാന്ധി ഡവലപ്‌മെന്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട ചിത്രീകരണ ചുമതല സതീഷ് ദുപേലിയയ്ക്കായിരുന്നു.