ലിഫ്‍റ്റിന്റെ കുഴിയില്‍ വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

0

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ലിഫ്‍റ്റിന്റെ കുഴിയിൽ (Lift pit) വീണ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചിറ്റാർ കടലാടിമറ്റത്ത് സനൂപ് കെ. സുരേന്ദ്രൻ (27) ആണ് മരിച്ചത്. അൽഫുർസാൻ ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായ സനുപ് ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്.

ലിഫ്‍റ്റിന്റെ വാതിൽ തുറന്ന് കയറിയ പാടെ നേരെ താഴെക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷമായി സനൂപ് സൗദിയിലെത്തിയിട്ട്. പിന്നീട് ഇതുവരെ നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.