കഴിഞ്ഞ ദിവസം സിങ്കപ്പുരിൽ നിന്നു SQ ഫ്ലൈറ്റിൽ കൊച്ചിൻ എയർപോർട്ടിൽ ഇറങ്ങിയ ഏകദേശം 170 ഓളം യാത്രക്കാരുടെ ദുരനുഭവം ലോകത്തെമ്പാടുമുള്ള മലയാളികൾ ഇതിനകം അറിഞ്ഞിരിക്കുമെന്ന് കരുതുന്നു.

ഇന്ത്യയിലെ ഏറ്റവും നല്ല എയർപോർട്ടുകളിൽ ഒന്നായാണ് കൊച്ചിൻ എയർപോർട്ട് അറിയപ്പെടുന്നത്. പല കാരണങ്ങൾ കൊണ്ടും ഈ എയർപോർട്ട് മറ്റുചില എയർപോട്ടുകൾക്ക് മാതൃകയാണെന്നതു ശരിയായിരിക്കാം പ്രത്യേകിച്ച് സോളാർ എനർജിയുടെ ഉപയോഗത്തിന്റെ കാര്യത്തിൽ.

കോവിഡ് എന്ന മഹാമാരിയെ കുറിച്ചു എല്ലാവർക്കുമറിയാം ഇന്നുവരെ ആരും അനുഭവിക്കാത്ത കഷ്ടപ്പാടുകൾ ലോകം മുഴുവൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ യാത്രക്കാർക്കുള്ള പ്രോട്ടോക്കോൾ പാലിക്കാൻ ഓരോരു യാത്രക്കാരനും ബാധ്യസ്ഥരുമാണ്.

ഒമിക്രോൺ എന്ന പുതിയ വകഭേദം വന്നതോടെ യാത്രക്കാർ കൂടുതൽ ജാഗ്രതയും പുലർത്തുന്നുണ്ട്. ലോകത്തിലെ മറ്റേതൊരു രാജ്യത്തുനിന്ന് വരുന്ന യാത്രക്കാരെ വച്ചു നോക്കിയാലും സിങ്കപ്പുരിൽ നിന്നു വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രതയുടെ കാര്യത്തിൽ വളരെ മുൻപന്തിയിലാണ് എന്നതിൽ ഒരു തർക്കവുമില്ല. അത്തരം യാത്രക്കാരോടാണ് കൊച്ചി എയർപോർട്ട് അധികൃതർ ഇത്തരം മോശമായ സാമിപനം സ്വീകരിച്ചതെന്നോർക്കുക.

ഇമിഗ്രേഷൻ പരിശോധനകൾക്ക് ശേഷം ഒട്ടും ആസൂത്രിതമല്ലാത്ത രീതിയിലാണ് അധികൃതർ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. കൃത്യമായ ഐസൊലേഷൻ സൗകര്യങ്ങൾ ഇല്ലാതെ വിവിധ രാജ്യങ്ങളിൽനിന്നും വന്ന യാത്രക്കാരെ ഒരേ ഇടങ്ങളിലാക്കുകയും, ആർ ടി പി സി ആർ പരിശോധനയ്ക്ക് ചുരുങ്ങിയത് 5 മണിക്കൂർ കാത്തിരുന്ന ശേഷമാന് പരിശോധന ഫലം ലഭ്യമായതും.

അധികാരികൾ വ്യക്തമായ ആസൂത്രണമോ, തയ്യാറെടുപ്പുകളോ ചെയ്യാത്തതിന്റെ അഭാവം മൂലമാണു സ്വന്തം രാജ്യത്ത് മടങ്ങിവരുന്ന ഇന്ത്യൻ പൗരന്മാക്ക് ഇത്തരത്തിലുള്ള കൊടിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നത്. ഇത് അങ്ങേയറ്റം നിരാശാജനകമായ ഒരാവസ്ഥയാണെന്നും ഇത്തരമൊരവസ്ഥയിലേക്ക് പ്രവാസിയാത്രക്കാരെ കൊണ്ടെത്തിച്ചതിന് സിയാൽ മാനേജ് മെന്റു വ്യക്തമായ ഉത്തരം നൽകുന്നതോടൊപ്പം വിഴ്ചകൾ ഭാവിയിൽ സംഭവിക്കാതിരിക്കാനുള്ള സംവിധാനം എത്രയും പെട്ടന്ന് ഒരുക്കേണ്ടിയിരിക്കുന്നു. പ്രവർത്തി പേപ്പറിൽ അല്ല വേണ്ടത് പ്രാഭല്യത്തിൽ വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. എയർപോർട്ടുകൾ പോലുള്ള മർമ്മപ്രധാനമായ സ്ഥാനത്തിരിക്കുന്നവർ ഏതു ക്രൈസിസ്സുകളെയും നേരിടാൻ പ്രാപ്തരായവരാണ് എന്ന് ഉറപ്പുവരുത്തുകയും വേണം.

സിങ്കപ്പുരിൽ നിന്നെത്തിയ 170 ഓളം യാത്രക്കാർക്ക് 4,5 മണിക്കൂർ ടെസ്റ്റ്‌ റിസൾട്ടിനായി കാത്തിരിക്കേണമെന്നു പറയുമ്പോൾ ഒരേ സമയം 5 ഉം 6 ഉം ഫ്ലൈറ്റുകൾ ഇറങ്ങേണ്ടിവന്നാൽ ഒരു ദിവസം മുഴുവൻ എയർപോർട്ടിൽ തങ്ങേണ്ടിവരില്ല എന്നതിന് എന്താണുറപ്പുള്ളത്. ഒരു ക്രൈസിസ് വരുമ്പോൾ എയർപോർട്ട് സ്റ്റാഫുകളെ എങ്ങനെ ഉപയോഗിക്കാം ഇല്ലെങ്കിൽ ആ സമയം അവർ ക്രൈസിസ് നേരിടാൻ പ്രാപ്തരാണോ എന്ന് ഉറപ്പുവരുത്തേണ്ടത് അധികാരികളാണ്.

ഏതുതരം ക്രൈസിസ് വന്നാലും നേരിടാനുള്ള പാകത്തിൽ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് വേണ്ടുന്ന പരിശീലനമോ അതിനൊത്ത സംവിധാനങ്ങളോ ഉയർന്ന അധികാരികൾ ഒരുക്കിയിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞദിവസം രാത്രി 11 മണിക്ക് കൊച്ചിൻ എയർപോർട്ടിൽ സിങ്കപ്പുരിൽ നിന്നു എത്തിയ യാത്രക്കാരുടെ അനുഭവം തെളിയിക്കുന്നത്.

ഒമൈക്രോൺ റിപ്പോർട്ട് ചെയ്ത യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു വന്ന യാത്രക്കാരെയും ഒരു ഒമൈക്രോൺ വൈറസു ബാധപോലും റിപ്പോർട്ട് ചെയ്യാത്ത സിംഗപ്പൂർ യാത്രക്കാരെയും കൂട്ടികുഴച്ചു നടത്തിയ പരിശോധന രീതി ശരിയായിരുന്നോ എന്ന് എയർപോർട്ട് അധികാരികൾ എന്തുകൊണ്ട് ചിന്തിച്ചില്ല.

വയസ്സായവർക്കും കുട്ടികൾക്കും എന്തുകൊണ്ട് വേണ്ട സൗകര്യങ്ങൾ ഒരുക്കിയില്ല
അവരെ എത്രയും വേഗം ടെസ്റ്റ്‌ ചെയ്തു ഒഴിവാക്കാമായിരുന്നില്ലേ
ഒന്നുമില്ലെങ്കിലും ആവശ്യത്തിനുള്ള കസേരകളും അവർക്കാവശ്യമുള്ള ലഘുഭക്ഷണമെങ്കിലും ഒരുക്കാമായിരുന്നില്ലേ. മണിക്കൂറുകൾ കാത്തിരുന്നതിന് ശേഷം യാത്രക്കാർ ബഹളം വയ്ക്കും വരെ ഇത്തരം സൗകര്യം ഒരുക്കാൻ കാത്തിരിക്കണമോ.

ടെസ്റ്റ്‌ സാമ്പിളുകൾ ഘട്ടം ഘട്ടമായി ടെസ്റ്റിനയക്കാതെ 170 യാത്രക്കാരുടെയും ടെസ്റ്റ്‌ സാമ്പിൾ എടുത്തതിനു ശേഷം മാത്രം എന്തുകൊണ്ട് പരിശോദനക്ക് അയച്ചു എന്തുകൊണ്ട് എല്ലാവരുടെയും ടെസ്റ്റ്‌ റിസൾട് വരുന്നതുവരെ കാത്തിരുന്നു ആദ്യമാദ്യം ടെസ്റ്റ്‌ ചെയ്തവരെ പുറത്തുവിടുന്നതിനു പകരം സിങ്കപ്പൂർ ഫ്ലൈറ്റ് വന്നതിനു ശേഷം 3,4 മണിക്കൂർ കഴിഞ്ഞുവന്ന ഗൾഫിലെയും ഹൈറിസ്ക് പട്ടികയിൽ പെടുന്ന യൂറോപ്പിലെ നഗരങ്ങളിൽ നിന്നുവന്ന യാത്രക്കാരുടെ ഇടയിൽ സിംഗപ്പൂർ യാത്രികരെയും കൂട്ടികുഴച്ചു എന്നത് ഗൗരവപരമായി ചിന്തിക്കേണ്ടകാര്യമല്ലേ.

read also…

ഇത്തരം ശ്രദ്ധക്കുറവിലൂടെ ലോകത്തിലെ ഏറ്റവും കൂടുതൽ വാക്‌സിനേഷൻ എടുത്ത രാജ്യമായ സിങ്കപ്പുരിൽ നിന്നു വന്ന യാത്രക്കാരെഅപമാനിക്കുകയും അതുപോലെ തന്നെ അവർക്കിടയിൽ ഒമൈക്രോൺ എന്ന കോവിഡിന്റെ പുതു വകഭേദം പടർന്നുപിടിക്കാനുള്ള അവസരം ഒരുക്കുക കൂടിയല്ലേ അധികാരികൾ ചെയ്തത്. (ജനസംഖ്യയുടെ 89.2% ഒരുഡോസും 88.2 % ഫുൾ ഡോസും, 13.1% ബൂസ്റ്റർ ഡോസും പൂർത്തിയാക്കിയ രാജ്യമാണ് സിങ്കപ്പൂർ എന്നോർക്കുക ).