ദുബായിൽ മലയാളി എൻജിനിയർ വീണുമരിച്ചതല്ല, ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരണം

0

ദുബായ്: സിലിക്കോൺ ഒയാസിസിലെ കെട്ടിടത്തിന്റെ ബാൽക്കണിയിൽനിന്ന്‌ മലയാളിയുവാവ് വീണുമരിച്ച സംഭവം ആത്മഹത്യയെന്ന് ദുബായ് പോലീസ്. കാവൽക്കാരനെ കബളിപ്പിച്ചാണ് ഇദ്ദേഹം കെട്ടിടത്തിന് മുകളിൽ എത്തിയത്. അവിടെ നിന്നും ചാടി ജീവനൊടുക്കിയതാണെന്നും പൊലീസ് അറിയിച്ചു.

മലപ്പുറം ജില്ലയിലെ തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാനെയാണ് ആണ് ഈ മാസം 17ന് സിലിക്കോൺ ഒയാസീസിലുള്ള ബഹുനില കെട്ടിടത്തിന്റെ 24–ാം നിലയിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി ദുബായിൽ പ്ലാനിങ് എൻജിനീയറായി ജോലിചെയ്യുകയായിരുന്നു. അവിവാഹിതനായ സബീൽ റാസൽഖോറിൽ മൂത്ത സഹോദരനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

കെട്ടിടത്തിലെ കാവൽക്കാരന്റെ ഫോൺ ലഭിച്ചതനുസരിച്ചാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയതെന്ന് അൽ റാഷിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.സയ്യിദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് പട്രോളും ഫോറന്‍സിക് വിദഗ്ധനും കെട്ടിടത്തിന് താഴെ വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

24-ാം നിലയിലെ അപ്പാർട്‌മെന്റ് വാടകക്ക് എടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് സെക്യൂരിറ്റിയെ വിശ്വസിപ്പിച്ച് ഇയാൾ താക്കോലെടുത്ത് മുകളിലേക്ക് കയറി. ഷൂവും മൊബൈലും ബാൽക്കണിയിലിട്ട് താഴേക്ക് ചാടിയായിരുന്നു ആത്മഹത്യ. നിരീക്ഷണ ക്യാമറകളുടെയും ഫൊറൻസിക് വിദഗ്‌ധരുടെയും പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. ജോലിക്കിടയിൽ കെട്ടിടത്തിൽനിന്ന്‌ കാൽ വഴുതി വീഴുകയായിരുന്നു എന്നായിരുന്നു നേരത്തെയുള്ള നിഗമനം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അവിവാഹിതനാണ്.