
തൃശൂര്‍: മാന്ദാമംഗലം സെന്‍റ് മേരീസ് പള്ളിയിൽ ഇന്നലെ രാത്രിയിലുണ്ടായ ഓർത്തഡോക്സ് -യാക്കോബായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗത്തെയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. 12 മണിക്ക് കലക്‌ട്രേറ്റിലാണ് യോഗം. ഓർത്തോഡക്സ്, യാക്കോബായ സഭ പ്രതിനിധികൾ ചർച്ചയ്ക്ക് വരണമെന്ന് ജില്ല കലക്റ്റർ ടി.വി അനുപമ ആവശ്യപ്പെട്ടു. ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ജില്ല ഭരണകൂടം പള്ളിത്തർക്കത്തിലിടപ്പെട്ടത്.
മാന്ദാമംഗലം പള്ളി സംഘർഷത്തെ തുടര്‍ന്ന് 120 പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസാണ് ഒന്നാം പ്രതി. നിരവധി വൈദികരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. പള്ളിത്തര്‍ക്കത്തിനിടയാക്കിയത് പൊലീസിന്‍റെ പിടിപ്പുകേടാണെന്ന് ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസ് ആരോപിച്ചു.