സെെറൺ മുഴങ്ങി, ഫ്ലാറ്റ് പൊളിക്കാൻ ഇനി മിനിറ്റുകൾ മാത്രം

0

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. ആദ്യം പൊളിക്കുക ഹോളിഫെയ്ത് എച്ച്ടുഒ ഫ്ലാറ്റാണ്.മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങി. കൃത്യം 10.32നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. രണ്ടാമത്തെ സൈറണ്‍ 10.55നും, മൂന്നാമത്തേത് 10.59ന് നല്‍കും. സൈറണ്‍ അവസാനിക്കുന്നതോടെ സ്‌ഫോടനം നടക്കും.

നഗരസഭയില്‍ സജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആദ്യം നിലംപൊത്തുക ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യാണ്. വെടിമരുന്നിലേക്ക് തീപടര്‍ത്താന്‍ ബ്ലാസ്റ്റര്‍ വിരലമര്‍ത്തുന്നതോടെ ഒരു ജലപാതംപോലെ ഹോളിഫെയ്ത്ത് കായലോരത്തേക്ക് വീഴും. മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തിലാവും വിവിധ സ്‌ഫോടനങ്ങള്‍. അഞ്ചുമിനിറ്റിനുശേഷമാണ് കായലിന്റെ എതിര്‍വശത്തുള്ള ആല്‍ഫ സെറീന്റെ വീഴ്ച.

ചെറിയ റോഡുകള്‍ എല്ലാം ഇപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. പത്തേമുക്കാലിന് ശേഷം ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിര്‍ത്തുമെന്ന് കലക്റ്റര്‍ എസ്.സുഹാസ് അറിയിച്ചു.

ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞു. പൊളിക്കലിന് കരാറെടുത്ത കമ്പനിയുടെ പൂജ നടന്നു. മരട് ഫ്ലാറ്റുകള്‍ 100 ശതമാനം സുരക്ഷിതമായി വീഴ്ത്താന്‍ കഴിയുമെന്ന് എഡിഫൈസ് എം.ഡി ഉത്കര്‍ഷ് മേത്ത പറഞ്ഞു.

സമീപത്തെ വീടുകള്‍ക്ക് കേടുപാട് വരില്ല. കായലില്‍ കാര്യമായി അവശിഷ്ടങ്ങള്‍ വീഴില്ലെന്നും എന്നാൽ, പൊടി പ്രശ്നമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് പൊടി നിയന്ത്രിക്കാനാകുമെന്നും ഉത്കര്‍ഷ് മേത്ത വ്യക്തമാക്കി.