‘മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ’; മിന്നൽ മുരളി ടീസർ

0

ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നൽ മുരളിയുടെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വോഷമിടുന്നത്.

ചിത്രത്തിന്റെ ഒരു മിനിറ്റ് ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. സസ്പെൻസിൽ പൊതിഞ്ഞെത്തിയ ടീസറിൽ തനിനാടൻ മുഖംമൂടി വേഷത്തിലാണ് ടൊവി‍നോ പ്രത്യക്ഷപ്പെടുന്നത്. ഗോദയ്ക്ക് ശേഷം ബേസിലും ടൊവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

ഈ ഓണത്തിന് സിനിമ തീയേറ്ററിൽ ഇറക്കണം എന്നാണു കരുതിയത്. നടന്നില്ല.ഇപ്പൊ ടീസർ പുറത്തിറക്കുന്നു.പക്ഷെ ടീസർ ആണെങ്കിലും, സിനിമ ആദ്യ ദിവസം തീയേറ്ററിൽ നിങ്ങളുടെ മുന്പിലേക്കെത്തിക്കുന്ന അതേ ടെൻഷനും ആവേശവുമാണ് മനസ്സിൽ. സ്വീകരിക്കും എന്ന പ്രതീക്ഷയോടെ അവതരിപ്പിക്കുന്നു , ‘മിന്നൽ മുരളി’ ടീസർ.’- ടീസർ പങ്കുവച്ചു കൊണ്ട് സംവിധായകൻ ബേസിൽ ജോസഫ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. ക്യാമറ സമീർ താഹിറും സംഗീത സംവിധാനം ഷാൻ റഹ്മാനും നിർവഹിക്കുന്നു. ജസ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ടൊവിനോയോടൊപ്പം ചിത്രത്തിൽ വേഷമിടും.

ആലുവ മണപ്പുറത്ത് ഒരുക്കിയിരുന്ന ചിത്രത്തിൻ്റെ സെറ്റ് ബജ്റംഗ്ദൾ പ്രവർത്തകർ തകർത്തത് വിവാദമായിരുന്നു. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നായിരുന്നു ഇവരുടെ ആരോപണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.