മോഡലുകളുടെ മരണത്തിൽ ദുരൂഹത ; പരാതിയുമായി കുടുംബം

0

കൊച്ചി: മോഡലുകളുടെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം പോലീസിന് പരാതി നല്‍കിയത്. നമ്പര്‍ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങള്‍ റോയി നശിപ്പിച്ചെന്നാണ് പോലീസ് തങ്ങളെ അറിയിച്ചതെന്നും അന്‍സിയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപകടം നടക്കും മുന്‍പ് അന്‍സി കബീറും സംഘവും ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെ തുടര്‍ച്ചയായി രണ്ടാം ദിവസവും പൊലീസ് ചോദ്യംചെയ്തതിന് പിന്നാലെയാണ് മകളുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം മുന്നോട്ട് വന്നിരിക്കുന്നത്.

അന്‍സിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ റോയിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാന്‍ വിപലുമായ അന്വേഷണം ആവശ്യമാണെന്ന് അന്‍സി കബീറിന്റെ ബന്ധു നിസാം പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന രണ്ട് ഡിവിആറുകളില്‍ ഒന്ന് ഇന്നലെ റോയി ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ ഡിവിആര്‍ കണ്ടെത്താനായി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തല്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപകടംഉണ്ടായ നവംബര്‍ ഒന്നിന് ഹോട്ടലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പാലാരിവട്ടം സ്റ്റേഷനില്‍ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അപകടമുണ്ടായതിന് പിന്നാലെ റോയി ഹോട്ടലില്‍ എത്തി ഡിവിആര്‍ കൊണ്ടുപോയെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു. യഥാര്‍ത്ഥ ഡിവിആര്‍ നല്‍കിയില്ലെങ്കില്‍ റോയിക്ക് എതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. മോഡലുകള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കാര്‍ ഡ്രൈവര്‍ അബ്ദുറഹ്‌മാന്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കാക്കനാട് ജയിലില്‍ നിന്നും ഇന്ന് പുറത്തിറങ്ങി. അപകടത്തില്‍ അബ്ദുറഹ്‌മാന്‍ ഒഴികെ മൂന്ന് പേരും മരിച്ചിരുന്നു.