കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയി; ഒരു മണിക്കൂറിനകം കണ്ടെത്തി

0

കോട്ടയം: മെഡിക്കല്‍ കോളജിലെ പ്രസവ വാർഡിൽനിന്ന് മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീ പിടിയിൽ. കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി ഒരു മണിക്കൂറിനകമാണ് കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തെ ഹോട്ടൽ മുറിയിൽനിന്ന് സ്ത്രീ പിടിയിലായത്. കുഞ്ഞിനെ ഇവരുടെ പക്കൽനിന്ന് കണ്ടെത്തി. നഴ്സിങ് അസിസ്റ്റന്‍റാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്.

വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്ന് മണിയോടെയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവം ഉണ്ടായത്. കുഞ്ഞിന് മഞ്ഞ നിറം കൂടുതലാണെന്നും തീവ്രപരിചരണവിഭാഗത്തിൽ കാണിക്കണമെന്നും പറഞ്ഞാണ് കുഞ്ഞിനെ വാങ്ങിക്കൊണ്ട് പോയത്. നഴ്‌സിന്‍റെ വേഷത്തിലാണ് ഇവർ എത്തിയതെന്നും കുഞ്ഞിന്‍റെ അമ്മയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പറഞ്ഞു. ഏറെ നേരമായിട്ടും കുഞ്ഞിനെ തിരികെ കൊണ്ടുവരാത്തതിനെ തുടർന്ന് നഴ്സുമാരുടെ മുറിയിലെത്തി അന്വേഷിച്ചു. അപ്പോൾ കുഞ്ഞിനെ വാങ്ങാൻ അവിടെനിന്ന് ആരും വന്നിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ കുഞ്ഞിന്‍റെ അമ്മയും ബന്ധുക്കളും ബഹളമുണ്ടാക്കി. തുടർന്ന് ആശുപത്രി അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെയും കടത്തിക്കൊണ്ടുപോയ സ്ത്രീയെയും ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരുമണിക്കൂറിനുള്ളിൽ കുഞ്ഞിനെയും സ്ത്രീയെയും കണ്ടെത്താൻ സഹായകരമായതെന്ന് പൊലീസ് പറയുന്നു. ഇടുക്കി വണ്ടിപ്പരിയാര്‍ സ്വദേശിയുടെ കുഞ്ഞിനെയാണ് കടത്തിക്കൊണ്ടു പോവാന്‍ ശ്രമം നടന്നത്. കുട്ടിയെ കൊണ്ടുപോയ കളമശ്ശേരി സ്വദേശി നീതുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കൊപ്പം ഒരു കുട്ടിയുമുണ്ട്.