കാലവര്‍ഷം കേരള തീരത്ത് എത്തി; നാളെ മുതല്‍ ശക്തമായ മഴയെന്ന്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി സ്ഥിരീകരണം. നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്‍സൂണ്‍ ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹോപാത്ര അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മണ്‍സൂണിന് തൊട്ടുമുമ്പ് കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വേനല്‍ മഴ ലഭിച്ചിരുന്നെങ്കിലും 65 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും ശുഷ്‌കമായ മഴയാണ് രേഖപ്പെടുത്തിയതെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചനകേന്ദ്രമായ സ്‌കൈമെറ്റ് പറഞ്ഞു.

വേനല്‍മഴയുടെ അളവിലുണ്ടായ ഗണ്യമായ കുറവ് ജലസംഭരണികളിലെ വെള്ളത്തിന്റെ അളവിനേയും രാജ്യത്തിന്റെ പലഭാഗത്തും കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഏകദേശംനാല് മാസം രാജ്യത്തുടനീളം മണ്‍സൂണ്‍ നീണ്ടുനില്‍ക്കും. 9, 10, 11 തീയതികളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

മഴക്കാലം ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താലൂക്ക് തലം വരെ ഉള്‍പ്പെടുത്തിയുള്ള മുന്നൊരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാലാവസ്ഥ പ്രവചനം കൂടുതല്‍ ശാസ്ത്രീയമാക്കാനുള്ള നടപടി വേണമെന്നും കോഴിക്കോട് ഡോപ്ളാര്‍ റഡാര്‍ സ്ഥാപിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ്, മാലദ്വീപ് ഭാഗങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മാന്നാര്‍ കടലിടുക്കിലും ഈ ദിവസങ്ങളില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജിന്‍സി കിറ്റ് തയ്യാറാക്കി വക്കണം. അടിയന്തര സാഹചര്യം വന്നാല്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.