കെ എസ് ചിത്രയ്ക്ക് മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സാംസ്‌കാരിക അവാര്‍ഡ്

0

മസ്‌കറ്റ്: പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക് ഈ വര്‍ഷത്തെ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സാംസ്‌കാരിക അവാര്‍ഡ്. രണ്ട് ലക്ഷം ഇന്ത്യന്‍ രൂപയും ശില്പവുമടങ്ങിയതാണ് അവാര്‍ഡ്. മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍വീനര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

സംഗീത മേഖലക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് കണ്‍വീനര്‍ പി.ശ്രീകുമാര്‍ പറഞ്ഞു. മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ ഇരുപത്തിമൂന്ന് വെള്ളിയാഴ്ച അല്‍ ഫെലാജ് ലേ ഗ്രാന്‍ഡ് ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്‍വീനര്‍ ശ്രീകുമാര്‍ സാംസ്‌കാരിക അവാര്‍ഡ് കെ എസ് ചിത്രക്ക് സമ്മാനിക്കും.
അവാര്‍ഡ് ദാനത്തോട് അനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥി ആയിരിക്കും.

മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രനും പങ്കെടുക്കും. കലാ സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന അതുല്യ പ്രതിഭകള്‍ക്ക് ഓണാഘോഷങ്ങളുടെ ഭാഗമായി 1996 മുതല്‍ തുടര്‍ച്ചയായി മലയാള വിഭാഗം നല്‍കി വരുന്നതാണ് കലാ സാംസ്‌കാരിക അവാര്‍ഡ്.