നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിപ്പിച്ച പ്രതികൾക്ക് ജാമ്യമില്ല,ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്‍റെ ലംഘനം-കോടതി

0

കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ 5 പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി. കടയ്ക്കൽ മജിസ്ട്രേറ്റ് കോടതയുടേതാണ് നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റ ലംഘനമാണ് നടന്നതെന്ന് കോടതി പറഞ്ഞു. കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ ജാമ്യം നിൽകരുതെന്ന പ്രോസിക്യൂഷൻ വാദിച്ചു.

സ്വകാര്യ ഏജൻസിയായ സ്റ്റാർ സെക്യുരിറ്റി നിയോഗിച്ച മൂന്നുപേരെയും കോളജ് ശുചീകരണ ജീവനക്കാരായ രണ്ടുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളജ് ശുചീകരണ ജീവനക്കാരായ ആയൂർ സ്വദേശികളായ എസ് മറിയാമ്മ, കെ മറിയാമ്മ, സ്റ്റാർ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.

നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാർഥിനികളുടെ പരാതി അന്വേഷിക്കാന്‍ എൻടിഎ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സമിതി കൊല്ലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും. ആയൂരിലെ നീറ്റ് കേന്ദ്രത്തിലെ നടപടിയെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം എൻടിഎ സമിതിയെ നിയോഗിച്ചത്. കേന്ദ്രമന്ത്രി വി മുരളിധരൻ, എൻകെ പ്രേമചന്ദ്രൻ എംപി എന്നിവർ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനെ കണ്ടിരുന്നു. കൂടാതെ സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

എൻടിഎയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വിദ്യാർഥിയുടെ പരാതിക്ക് തെളിവില്ലെന്നാണ് വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച് പരീക്ഷ കേന്ദ്രത്തിന്റെ സൂപ്രണ്ട്, നിരീക്ഷകൻ, സിറ്റി കോർഡിനേറ്റർ എന്നിവർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ പാർലമെന്റിൽ അടക്കം കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധം ഉയർത്തിയതും, ദേശീയ ബാലാവകാശ കമ്മീഷനും, വനിതാ കമ്മീഷനും സ്വമേധയാ കേസ് എടുത്തതും കൂടി കണക്കിലെടുത്താണ് പുതിയ നടപടി. അന്വേഷണസമിതി കൊല്ലത്ത് എത്തി വിവരങ്ങൾ ശേഖരിക്കും. വിദ്യാർഥികളെയും നേരിട്ടുകാണുമെന്നാണ് വിവരം. ഒന്നിലധികം വിദ്യാർത്ഥികൾ പരീക്ഷ സെന്‍ററിലെ പരിശോധന സംബന്ധിച്ച് പരാതി ഉയർത്തിയിരുന്നു.