കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന് നടി സുപ്രീംകോടതിയിൽ

0

ന്യൂഡൽഹി: കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങള്‍ കൈമാറണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കരുത് എന്ന് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയിൽ രേഖാമൂലം ആവശ്യപ്പെട്ടു.

നടൻ ദൃശ്യങ്ങൾ കാണുന്നതിന് തടസ്സമില്ല. എന്നാൽ പകർപ്പ് കൈമാറരുത്.തന്റെ സ്വകാര്യത മാനിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ നൽകുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാരും വാദമുഖങ്ങൾ എഴുതി നൽകി. കർശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങൾ കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം.

പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കും. സ്വകാര്യത മൗലിക അവകാശം ആണെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷ്പക്ഷമായ വിചാരണ പ്രതിയുടെ അവകാശം ആണ്. എന്നാല്‍ തന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ ആകരുത് അത്.  ദിലീപിനോ അദ്ദേഹം ചുമതലപെടുത്തുന്നവര്‍ക്കോ ദൃശ്യങ്ങള്‍ കാണുന്നതിന് എതിര്‍പ്പില്ല”, എന്നാല്‍ പകര്‍പ്പ് കൈമാറരുത് എന്നും നടി ആവശ്യപ്പെട്ടു.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സത്രീ ശബ്ദത്തിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഈ ശബ്ദം കേസ് രേഖകളിൽ പരാമർശിക്കുന്നില്ലെന്നും ദിലീപ് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടിയാൽ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുകയുള്ളു എന്നാണ് ദിലീപ് രേഖാമൂലം നല്‍കിയ വാദങ്ങളില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ തന്റെ കയ്യിൽ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാർ​ഗങ്ങൾ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടിരുന്നു. ദൃശ്യങ്ങളിൽ വാട്ടർമാർക്ക് ഇട്ട് നൽകണം. വാട്ടർ മാർക്കിട്ടാൽ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്നുമാണ് ദിലീപിന്‍റെ വാദം. ദൃശ്യങ്ങൾ തന്റെ പക്കലും തന്റെ അഭിഭാഷകന്റെ പക്കലും സുരക്ഷിതമായിരിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, മെമ്മറി കാർഡിന്‍റെ പകർപ്പ് ദിലീപിന് നൽകരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാർഡ് ദിലീപിന് നൽകുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നും നടി സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്.