കൊച്ചി ∙ കേരളത്തിൽ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. എറണാകുളത്തെ ആസ്റ്റര്‍ മെഡ്സിറ്റിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. നിപ്പയെ നേരിടാൻ ആരോഗ്യവകുപ്പ് പൂർണ സജ്ജമാണെന്നും ആരു ഭയപ്പെടേണ്ടേതില്ലെന്നും മന്ത്രി വ്യക്തമാക്കി.

വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലും നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധയനയ്ക്ക് അയച്ചതോടെ സംസ്ഥാനത്ത് ഭീതിയിലാഴ്ത്തി വീണ്ടും നിപ വൈറസ് സാന്നിധ്യം തെളിഞ്ഞത്.

ഇയാളുമായി അടുത്ത് ഇടപഴകിയ ഒരു സുഹൃത്തിനും മറ്റൊരാള്‍ക്കും ആദ്യഘട്ടത്തില്‍ പരിചരിച്ച രണ്ട് നഴ്സുമാര്‍ക്കും പനിയും തൊണ്ട വേദനയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിലൊരാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗിയുമായി അടുത്തിടപഴകിയവരുള്‍പ്പെടെ 86 പേര്‍ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച യുവാവിന് എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ അവിടെ ഒരുക്കിയിട്ടുണ്ട്.ആരോഗ്യനില തൃപ്തികരമാണ്. സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല. മറ്റുള്ള രോഗികള്‍ ഭയപ്പെടേണ്ടതില്ല. കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് ജില്ലയിലെ ഐസൊലേഷന്‍ വാര്‍ഡ്.

മുന്‍കരുതലെന്ന നിലയ്ക്ക് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തിനോട് ചേര്‍ന്നുള്ള ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡ് സൗകര്യമുണ്ടാകും.

ചികിത്സയ്ക്ക് മരുന്നുള്‍പ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിന്‍ എന്ന ഗുളികകള്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ടഇത് ചികിത്സയിലുള്ള യുവാവിന് നല്‍കുന്നുണ്ട്. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്റിബോഡി ഇപ്പോള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാല്‍ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.