നീരവ് മോദിയെ ഇന്ത്യക്കു കൈമാറാൻ ബ്രിട്ടന്റെ അനുമതി

0

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു വായ്പത്തട്ടിപ്പു നടത്തി രാജ്യംവിട്ട വജ്രവ്യവസായി നീരവ് മോദിയെ ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തരസെസെക്രട്ടറി പ്രീതി പട്ടേൽ ഒപ്പിട്ടു. ഉത്തരവിനെതിരേ ലണ്ടൻ ഹൈക്കോടതിയെ സമീപിക്കാൻ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് വെസ്റ്റ് ലണ്ടനിലെ വാൻ‍ഡ്സ്‌വർത്ത് ജയിലിൽ കഴിയുകയാണ് നീരവ്.

കേസിൽ നീരവ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ഇന്ത്യൻ കോടതിക്കു മുമ്പാകെ ഹാജരാകണമെന്നും ഫെബ്രുവരി 25-ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി വിലയിരുത്തിയിരുന്നു. ഇന്ത്യക്ക് കൈമാറിയാൽ ന്യായയുക്തമായ വിചാരണ നടക്കില്ലെന്ന് കരുതാൻ ന്യായമില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനു തുടർച്ചയായാണ് ആഭ്യന്തരസെക്രട്ടറി കൈമാറൽ ഉത്തരവിൽ ഒപ്പിട്ടത്.

നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്. വ്യാജരേഖകൾ ഹാജരാക്കി വായ്പയെടുത്തശേഷം മുങ്ങിയ നീരവ് മോദി 2019 മാർച്ച് 19-നാണ് ലണ്ടനിൽ അറസ്റ്റിലായത്. സി.ബി.ഐ.യും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റുമാണ് നീരവ് മോദിക്കെതിരായ കേസുകൾ അന്വേഷിക്കുന്നത്.