വിവാഹവാർത്ത നിഷേധിച്ച് നടി നിത്യ മേനൻ

0

വിവാഹവാർത്ത നിഷേധിച്ച് നടി നിത്യ മേനൻ. ഇതു സംബന്ധിച്ചു പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മനോരമ ഓൺലൈനോട് താരം പ്രതികരിച്ചു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യ വിവാഹിതയാകാൻ പോകുന്നുവെന്നായിരുന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.

‘‘എന്നെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങൾ, ലഭിച്ച വിവരം ശരിയാണോ എന്നു പരിശോധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണ്’’ നിത്യ മേനൻ മനോരമ ഓൺലൈനോട് വ്യക്തമാക്കി.

താരം വിവാഹിതയാകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ഇതു സംബന്ധിച്ചു നിരവധി ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു വന്നിരുന്നു. താരത്തിന്റെ പ്രണയത്തെക്കുറിച്ച് ധാരാളം കഥകളും സജീവമായി. എന്നാൽ, ഇവയൊന്നും സത്യമല്ലെന്ന് വെളിപ്പെടുത്തുകയാണ് താരം.

നിലവിൽ തന്റെ ജോലിയുമായി തിരക്കിലാണ് നിത്യ. വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 19(1) (എ) ആണ് ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വി. ആണ്.