ഇനി നോർക്ക റെജിസ്ട്രേഷൻ മാത്രം പോരാ; പ്രവാസികൾക്കും ജാഗ്രതാ പോർട്ടൽ റജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ

0

തിരുവനന്തപുരം ∙ കേരളത്തിലെത്തുന്ന പ്രവാസികൾ കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നു സംസ്ഥാന സർക്കാർ അറിയിച്ചു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ വിദേശകാര്യ മന്ത്രാലയ, നോർക്ക വിവരങ്ങൾ വച്ചു വിശദാംശങ്ങൾ ശേഖരിക്കുന്നത് ഫലപ്രദമല്ലെന്നതാണു കാരണം.

പോർട്ടലിലെ പബ്ലിക് സർവീസ് വിൻഡോയിൽ ‘പ്രവാസി റജിസ്ട്രേഷൻ’ എന്ന പുതിയ സംവിധാനം നിലവിൽ വന്നു. യാത്രാ ടിക്കറ്റ് എടുത്ത ശേഷമാണു റജിസ്റ്റർ ചെയ്യേണ്ടത്. വന്ദേഭാരത് വിമാനങ്ങൾക്കു പുറമേ ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർക്കും ഇതു ബാധകം. ഇ മെയിലോ ഏതെങ്കിലും ഇന്ത്യൻ മൊബൈൽ നമ്പറോ ഉപയോഗിച്ചു റജിസ്റ്റർ ചെയ്യാം. തുടർന്ന് ഓട്ടോ ജനറേറ്റഡ് റജിസ്ട്രേഷൻ നമ്പർ ലഭിക്കും. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ റജിസ്റ്റർ ചെയ്ത ശേഷം പെർമിറ്റ് നമ്പർ പ്രവാസികൾക്ക് അയച്ചുനൽകാം.

യാത്രക്കാരുടെ വിവരം ഇതിലൂടെ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭിക്കുന്നതിനാല്‍ ഹോം ക്വാറന്റൈന്‍ അടക്കമുള്ള ആരോഗ്യ പരിപാലനം കൃത്യമായി നടപ്പാക്കാനാവും. എയര്‍പോര്‍ട്ടില്‍ പെര്‍മിറ്റ് നമ്പര്‍ കാണിക്കുമ്പോള്‍ ഇവരുടെ വിവരം വേഗത്തില്‍ രേഖപ്പെടുത്താന്‍ കഴിയും. ചാര്‍ട്ടേഡ് വിമാനം ഒരുക്കുന്നവര്‍ തന്നെ അതില്‍ വരുന്നവരെല്ലാം ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പാക്കണം. മികച്ചക്വാറന്റൈന്‍, ആരോഗ്യ പരിപാലനത്തിനായുള്ള ക്രമീകരണവുമായി എല്ലാ പ്രവാസികളും സഹികരിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

നോര്‍ക്കയിലെയും പാസഞ്ചര്‍ മാനിഫെസ്റ്റിലെയും വിവരങ്ങളില്‍ പലപ്പോഴും വ്യത്യാസമുണ്ടാകുന്നത് മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരശേഖരണം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതുകാരണം വിമാനത്താവളത്തില്‍ താമസം നേരിടുകയും ചെയ്യുന്നു.