നിപ്പ ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വീണ്ടും വിവാഹിതനാകുന്നു

0

കോഴിക്കോട്∙ രോഗീപരിചരണത്തിനിടെ നിപ്പ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. അധ്യാപികയായ കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് വധു. ഈ മാസം 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം.

സജീഷ് ഫെയ്സ്ബുക്കിലൂടെയാണ് വിവാഹക്കാര്യം അറിയിച്ചത്. പുതിയ ജീവിതത്തിലേക്കു കടക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും സജീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു. 2018ലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി നിപ്പ ബാധിച്ച് മരിച്ചത്.

സജീഷിന്റെ ഫെയ്സ്ബുക് കുറിപ്പ്:
പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്തു വയ്ക്കുകയാണ്‌. റിതുലിനും സിദ്ധാർഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർകാവ്‌ ക്ഷേത്രത്തിൽ വച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.
സ്നേഹത്തോടെ
സജീഷ്‌, റിതുൽ, സിദ്ധാർഥ്, പ്രതിഭ, ദേവ പ്രിയ