ഒഡിഷ ട്രെയിന്‍ അപകടം; കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്‍റെ പിഴവ്, ട്രെയിൻ ട്രാക്ക് തെറ്റിച്ചെന്ന് പ്രാഥമിക നിഗമനം

0

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണം ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ചരക്ക് തീവണ്ടിയിൽ ഇടിച്ച് കയറിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തെറ്റായ സിഗ്നലാകാം കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ഓടാൻ കാരണമായത് എന്നാണ് നിഗമനം. ചരക്കുവണ്ടിയുമായി ഇടിച്ച് പാളം തെറ്റിയ കോറമണ്ഡലിന്റെ നാല് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ പിന്നിലെ കോച്ചുകളിലേക്ക് വീഴുകയായിരുന്നു.

അപകടമുണ്ടായ ഇന്നലെ രാത്രി തന്നെ സംഭവസ്ഥലം സന്ദർശിച്ച നാല് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ റെയിൽ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലുള്ളത് നിർണായക കണ്ടെത്തലുകലാണ്. ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറിയോടിയതാണ് അപകട കാരണം. സിഗ്നൽ നൽകുന്നതിൽ ഉണ്ടായ മാനുഷികമായ പിഴവാകാം ഇതിന് കാരണം. കോറമണ്ഡൽ എക്സ്പ്രസിന് പ്രധാന പാതയിലൂടെ കടന്നുപോകാൻ ഗ്രീൻ സിഗ്നൽ നൽകിയ ശേഷം അത് പൊടുന്നനെ പിൻവലിക്കപ്പെട്ടു എന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ, പ്രധാന റെയിൽവേ ട്രാക്കിലൂടെ കടന്നുപോകേണ്ടിയിരുന്ന കോറമണ്ഡൽ എക്സ്പ്രസ് 130 കിലോ മീറ്റർ വേഗതയിൽ ലൂപ്പ് ട്രാക്കിലേക്ക് കടന്ന് അവിടെ നിർത്തിയിട്ടിരുന്ന ചരക്ക് വണ്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇങ്ങനെ സംഭവിക്കണമെങ്കിൽ സിഗ്നലിം​ഗ് സംവിധാനത്തിൽ പിഴവ് ഉണ്ടായിരുന്നിരിക്കണം.

ചരക്ക് തീവണ്ടിയുമായുള്ള ഇടിയിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 21 ബോഗികൾ പാളംതെറ്റി മറിഞ്ഞു. എൻജിൻ ചരക്ക് തീവണ്ടിക്ക് മുകളിലേക്ക് കയറി. കോറമണ്ഡൽ എക്സ്പ്രസിന്റെ ബോഗികളിൽ മൂന്നെണ്ണം ഈ സമയം തൊട്ടടുത്ത ട്രാർക്കിലൂടെ പോവുകയായിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന്റെ അവസാനത്തെ നാല് ബോഗികളിലേക്ക് വീണു. ഈ ആഘാതത്തിലാണ് ഹൗറ സൂപ്പർ ഫാസ്റ്റിന്റെ രണ്ട് ബോഗികൾ പാളംതെറ്റിയത്.

കോറമണ്ഡൽ എക്സ്പ്രസിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരിൽ അധികവും. അപകട സ്ഥലത്ത് ഉണ്ടായിരുന്നത് നാല് ട്രാക്കുകൾ ആണെന്ന് റെയിൽവേയുടെ ഡേറ്റ ലോഗർ ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. വശങ്ങളിലെ ചുവന്ന നിറത്തിലെ ട്രാക്കുകളിൽ ആയിരുന്നു ചരക്ക് തീവണ്ടികൾ നിർത്തി ഇട്ടിരുന്നത്. നടുവിലെ രണ്ട് ട്രാക്കുകളിലൂടെയാണ് അപകടം ഉണ്ടായ ട്രെയിനുകൾ കടന്നുപോകേണ്ടിയിരുന്നത്. ട്രാക്ക് നേരിയ തോതിൽ ദ്രവിച്ചിരുന്നതായി റിപ്പോർട്ടിൽ പരാമർഷമുണ്ടെങ്കിലും ഇത് അപകടത്തിന് കാരണമായതായി കണ്ടെത്തിയിട്ടില്ല. കൂട്ടിയിടി തടയാനുള്ള കവച് സംവിധാനം അപകടമുണ്ടായ പാതയിൽ ഉണ്ടായിരുന്നില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കവച സംവിധാനം എക്സ്പ്രസ് ലൂപ്പ് ട്രാക്കിലേക്ക് കടക്കാൻ കാരണമായ സിഗ്നൽ പിഴവ് എങ്ങനെ ഉണ്ടായി എന്നാണ് ഇനി കണ്ടെത്തേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യം കണ്ടത്താനാകൂ എന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്.