മോൻസനെതിരെ പുതിയ തട്ടിപ്പുകേസുകൾ ; പാലാ സ്വദേശിയുടെ പരാതിയിൽ വീണ്ടും അറസ്റ്റ്

0

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെ മറ്റൊരു കേസിൽ കൂടി പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. പാല മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്. ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1.68 കോടി രൂപ തട്ടിയെന്ന് കാണിച്ചാണ് രാജീവ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലയാളുകളിൽ നിന്നായി കോടികള്‍ തട്ടിയത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്.

മോന്‍സന്‍റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ ഇയാൾക്കെതിരെ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് അടുത്ത ബന്ധമാണുള്ളത്.

അതിനിടെ മോന്‍സന്‍റെ മുന്‍ ഡ്രൈവര്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാന്‍ നടന്‍ ബാല ഇടപെട്ടു എന്നുള്ള വിവരവും പുറത്തുവന്നു. മോന്‍സണിന്‍റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെട്ടെന്നായിരുന്നു വിവരം. അജിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നത് പുറത്തുവന്നിരുന്നു.