യാത്രയയപ്പ് ഔദ്യോഗിക ബഹുമതികളില്ലാതെ; ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷമെന്ന് കുടുംബം

0

കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. ഉമ്മൻചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നൽകണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ എടുത്തത്.

ഇക്കാര്യത്തിൽ കുടുംബത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ഒരിക്കൽ കൂടി സമ്മതം ആരായാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് കുടുംബാഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഔദ്യോഗിക ബഹുമതി വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഉമ്മൻചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോട സ്മരിക്കുന്ന അനുശോചന പ്രമേയവും മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടിയാണ് ജനനേതാവായ ഉമ്മൻചാണ്ടിയുടെ സ്ഥാനമെന്ന് അനുശോചന പ്രമേയത്തിൽ മന്ത്രിസഭായോഗം അനുസ്മരിച്ചു.

‘സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച, ഒരു നേതാവിന് ജനങ്ങള്‍ നല്‍കുന്ന സ്നേഹാദരവാണിത്. സംസ്കാര ചടങ്ങുകള്‍ അപ്പയുടെ ആഗ്രഹം പോലെ നടത്തണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം.’ ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘നന്ദി പറയാന്‍ വാക്കുകളില്ല, അദ്ദേഹം കേരളത്തിലെ ഓരോ മലയാളിയെയും ഒരുപാട് സ്നേഹിച്ചിരുന്നു. ജാതിമത രാഷ്ട്രീയ ഭേദമെന്യേ അദ്ദേഹം എല്ലാവരെയും സ്നേഹിച്ചിരുന്നു. ആ സ്നേഹം പത്തിരട്ടിയായിട്ടാണ് ജനങ്ങള്‍ ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ വഴിയില്‍ നിന്ന് അപ്പയെ കാണുന്നു. ദര്‍ബാര്‍ ഹാളിലും വീട്ടിലും ഒക്കെ നമ്മള്‍ ആ തിരക്ക് കണ്ടതാണ്. അദ്ദേഹം കൊടുത്ത സ്നേഹം ജനങ്ങളിപ്പോള്‍ അദ്ദേഹത്തിന് തിരിച്ച് കൊടുക്കുകയാണ്.” മകള്‍ അച്ചു ഉമ്മന്‍റെ വാക്കുകളിങ്ങനെ.

രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.25 നാണ് അന്തരിച്ചത്. ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

തുടർന്ന് ഉമ്മൻചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോൾ വികാര നിർഭരമായ മുദ്രാവാക്യങ്ങളുമായി ആൾക്കൂട്ടം അനുഗമിച്ചു. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ ഉമ്മൻചാണ്ടിക്ക് എ കെ ആന്റണിയും വി.എം.സുധാരനും അടക്കമുള്ള നേതാക്കൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്ത്യാഭിവാദ്യം അർപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും രാവിലെ 7 മണിക്ക് ആരംഭിച്ച വിലാപ .യാത്ര പുതുപ്പള്ളിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.