അഞ്ചു ദിവസംകൂടി കനത്തമഴ തുടരും; ഇന്നും നാളെയും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കനത്തമഴ അഞ്ചു ദിവസംകൂടി തുടരാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളലുകൾ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറിത്താമസിക്കാൻ തയ്യാറാകണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അഭ്യർഥിച്ചു.

അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിൽ രൂപപ്പെട്ട ന്യൂനമർദമാണ് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു കാരണമാകുന്നത്. 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറി ഒമാൻ തീരത്തേക്കു നീങ്ങും. ഇതിന്റെ ഫലമായി 24 വരെ കേരളത്തിൽ കനത്ത തുലാമഴ പ്രതീക്ഷിക്കാം. ഇതിനിടെ, ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെടുകയാണ്. കന്യാകുമാരി തീരത്ത് നിലവിലുള്ള ചക്രവാതച്ചുഴിക്കു (സൈക്ലോണിക് സർക്കുലേഷൻ) പിന്നാലെ തമിഴ്നാട്–ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമർദം.

കേരളതീരത്ത് 45 മുതല്‍ 55 കി,.മീ.വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാള്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുമുണ്ട്. ഇത് ആന്ധ്ര തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.