ടെസ്‌ല വൈദ്യുത കാറുകൾക്ക് 1.6 ലക്ഷം രൂപ വരെ വെട്ടിക്കുറച്ചു!

0

ബംഗളൂരു: ഇന്ത്യയിലേക്കുള്ള വരവ് മാറ്റിവച്ചതിന് പിന്നാലെ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്‌ല വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ തോതില്‍ വില കുറച്ചു. അമെരിക്ക, ചൈന മാര്‍ക്കറ്റുകളിലാണ് 5 മോഡലുകള്‍ക്ക് വില താഴ്ത്തിയത്. അവസാന പാദത്തില്‍ വില്‍പ്പനയില്‍ വലിയ തോതില്‍ ഇടിവു രേഖപ്പെടുത്തിയതാണ് ഇത്തരമൊരു നീക്കത്തിന് കാരണം.

2,000 ഡോളര്‍ (1,60,000 രൂപ) വരെ മോഡല്‍ വൈ, മോഡല്‍ എക്സ്, മോഡല്‍ വി എന്നിവയ്ക്ക് വിലകുറഞ്ഞിട്ടുണ്ട്. വിലയില്‍ കുറവു വരുത്തിയതിനൊപ്പം വലിയ ഓഫറുകളും ഉപയോക്താക്കള്‍ക്കായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ടെസ്‌ല ഓഹരികള്‍ ഇടിഞ്ഞിരുന്നു. അടുത്തിടെ കമ്പനി 3,900ത്തോളം സൈബര്‍ട്രക്ക് പിക്കപ്പ് വാഹനങ്ങളെ തിരിച്ചു വിളിച്ചിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു ഇത്. ആക്സിലേറ്ററിലെ പ്രശ്നങ്ങള്‍ കാരണം വാഹനങ്ങള്‍ക്ക് തനിയെ വേഗം കൂടുന്നതായിരുന്നു പ്രശ്നം.

ടെസ്‌ലയുടെ വില്‍പ്പനയിലെ പ്രശ്നങ്ങള്‍ ഇന്ത്യയിലെ അവരുടെ പദ്ധതികളെ ബാധിക്കില്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വൈദ്യുത കാറുകള്‍ക്കുള്ള സാധ്യതകള്‍ തന്നെയാണ് ഇതിനു കാരണം. ടെസ്‌ലയുടെ മറ്റ് മാര്‍ക്കറ്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യ അവര്‍ക്ക് വലിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ തിരിച്ചടികള്‍ ഇന്ത്യയിലേക്കുള്ള മസ്കിന്‍റെ വരവിന് തടസമായേക്കില്ല.