നക്സലുകളുടെ ഭീഷണി: പദ്മശ്രീ തിരിച്ചു നൽകുമെന്ന് പാരമ്പര്യ വൈദ്യൻ ഹേംചന്ദ് മാഞ്ചി

0

നാരായൺപുർ: നക്സലുകളുടെ ഭീഷണി മൂലം പദ്മശ്രീ പുരസ്കാരം തിരിച്ചു നൽകുകയാണെന്നു പുരസ്കാര ജേതാവും ഛത്തിസ്ഗഡിലെ പാരമ്പര്യ വൈദ്യനുമായ ഹേംചന്ദ് മാഞ്ചി. ചികിത്സ അവസാനിപ്പിക്കുമെന്നും വൈദ്യരാജ് എന്ന് അറിയപ്പെടുന്ന മാഞ്ചി പറഞ്ഞു.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നക്സലുകൾ എന്‍റെ സഹോദരിയുടെ മകൻ കോമൾ മാഞ്ചിയെ കൊലപ്പെടുത്തി. ഇപ്പോൾ എന്‍റെ കുടുംബം നക്സലുകളുടെ ഭീഷണി ഭയന്നാണ് ജീവിക്കുന്നത്. ഞാനൊരിക്കലും പുരസ്കാരം ആവശ്യപ്പെട്ടിട്ടില്ല. ഏറെക്കാലമായി ഞാൻ ചെയ്യുന്ന സേവനത്തിനാണ് പുരസ്കാരം ലഭിച്ചത്. അർബുദത്തിൽ നിന്ന് ആശ്വാസം നൽകുന്നതടക്കം വിവിധ അസുഖങ്ങൾക്ക് താൻ പച്ചമരുന്നുകൾ നൽകാറുണ്ടെന്നും മാഞ്ചി പറഞ്ഞു.

ഞായറാഴ്ച ചമേലിയിലെയും ഗോർദന്തിലെയും നിർമാണം നടന്നു കൊണ്ടിരിക്കുന്ന മൊബൈൽ ടവറുകൾ നക്സലുകൾ കത്തിച്ചിരുന്നു. മാഞ്ചിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും ഇവർ പതിപ്പിച്ചിരുന്നു. മാഞ്ചി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങുന്ന ലഘുലേഖകളും വിതരണം ചെയ്തിരുന്നു.

നാരായൺപുരിലെ ഛോട്ടെഡോങ്കർ മേഖലയിൽ ആംദായ് ഗാട്ടി ഇരുമ്പ് അയിര് ഖനി പദ്ധതി കമ്മിഷൻ ചെയ്യുന്നതിനെ മാഞ്ചി സഹായിക്കുന്നുവെന്നാണ് നക്സലുകൾ ആരോപിക്കുന്നത്. ഈ ആരോപണം മാഞ്ചി മുൻപേ തള്ളിയതാണ്. പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മാഞ്ചി വീണ്ടും ആവർത്തിച്ചു.