മോഡലുകളുടെ മരണം: കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

0

കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ച അബ്ദുൾ റഹ്‌മാൻ മാധ്യമങ്ങളോട് പറഞ്ഞു. കോടതില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഇത് സംബന്ധിച്ച ചോദ്യത്തോട് അബ്ദുൾ റഹ്‌മാൻ പ്രതികരിച്ചത്. ഇന്ന് മൂന്ന് മണിക്കൂറോളം പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. വീണ്ടും കസ്റ്റഡില്‍ ആവശ്യപ്പെടാത്തതിനാല്‍ ഈ മാസം 20 വരെ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

അതിനിടെ ഇവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു എന്നയാള്‍ അപകടശേഷം നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തിയിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെയാണ് സൈജു റോയിയെ വിളിച്ചത്. ഹോട്ടലുടമ റോയിയുടെ സുഹൃത്താണ് സൈജു. അപകടത്തിന് പിന്നാലെ, സൈജു ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഉടമ റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിനെ പോലീസ് വിട്ടയച്ചത്.

അതെ സമയം കൂടുതൽ വെളിപ്പെടുത്തലുമായി അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ ഡിനിൽ ഡേവിസ് രംഗത്തെത്തി കാർ എത്തിയത് വളരെ വേഗത്തിലായിരുന്നുവെന്നും തന്റെ വാഹനത്തെ ഇടിച്ച് 20 മീറ്ററോളം മുന്നോട്ട് പോയശേഷമാണ് കാറ് മരത്തിലിടിച്ചതെന്നും പിന്നാലെയുണ്ടായിരുന്ന ഓഡി കാറ് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ഡിനിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. പിന്നിൽ നിന്ന് കാർ വന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. റിയർവ്യൂ മിററിലും കാറ് കണ്ടിരുന്നില്ല. കാർ വന്നത് വളരെ വേഗത്തിലായിരുന്നുവെന്നതിനാലാണ് ശ്രദ്ധയിൽപ്പെടാതിരുന്നത്. ബൈക്കിന് പിറകിലാണ് കാറ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഞാൻ റോഡിന്റെ ഇടത് വശത്തേക്ക് വീണു.

ആശുപത്രിയിൽ വെച്ചാണ് കാറിലുള്ളവർ മരിച്ച വിവരം അറിഞ്ഞത്. തന്റെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് അവിടേക്ക് ആംബുലൻസ് എത്തിയിരുന്നു. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡിക്കാർ തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. കാരണം എന്റെ വാഹമായിരുന്നു മുന്നിലുണ്ടായിരുന്നത്. എനിക്ക് പിറകിലാണ് ഈ വാഹനം വന്നത്. എന്നാൽ അപകടത്തിൽപ്പെട്ടവരെ അന്വേഷിച്ച് ഒരു ഓഡിക്കാർ ആശുപത്രിയിൽ വന്നതായി പിന്നീടറിയുകയായിരുന്നുവെന്നും ഡിനിൽ പറഞ്ഞു.