മാര്‍ത്തോമ്മാ വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കാലം ചെയ്തു

0

പത്തനംതിട്ട ∙ മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ.

എട്ടുവര്‍ഷത്തോളം സഭാധ്യക്ഷനായിരുന്നു. 2018-ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചു. ‘സ്വര്‍ണനാവുള്ള വൈദികന്‍’ എന്ന വിശേഷണത്തിന് ഉടമയായിരുന്നു. സരസമായ പ്രസംഗങ്ങളിലൂടെ എല്ലാ ജനവിഭാഗങ്ങളുടെയും മനസില്‍ ഇടം നേടിയ തിരുമേനിയാണ്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ് എന്ന ബഹുമതി ലഭിച്ചിരുന്നു. ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ് ആയിരുന്നതും ഇദ്ദേഹമാണ്. മാരാമണ്‍ കണ്‍വെന്‍ഷനിലും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകന്‍കൂടിയായിരുന്നു അദ്ദേഹം.

മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ വൈദികനും വികാരിജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ.ഉമ്മന്റെയും കളക്കാട് നടക്കേവീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രില്‍ 27-ന് ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നുപേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായുള്ള സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. െബംഗളൂരൂ, കാന്റര്‍ബെറി എന്നിവിടങ്ങളില്‍നിന്നായി വേദശാസ്ത്രവും പഠിച്ചു. 1940 സെപ്റ്റംബര്‍ ജൂണ്‍ മൂന്നിന് ഇരവിപേരൂര്‍ പള്ളിയില്‍ വികാരിയായാണ് ദൈവശുശ്രൂഷയുടെ ഔദ്യോഗികതുടക്കം.

രണ്ട് വര്‍ഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. അഞ്ചു സഹോദരങ്ങളുണ്ട്. ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതത്തില്‍ നിന്നുളള വലിയ മെത്രാപ്പോലീത്തയുടെ വിടവാങ്ങല്‍ ഒരു നിർമല ജീവിതത്തിന്റെ പരിസമാപ്തികൂടിയാണ്.