രാജ്യത്തിന് അഭിമാനമായി അടല്‍ തുരങ്കപാത; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

0

സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ അടൽ ടണൽ പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. തുരങ്കത്തിന്റെ ദക്ഷിണ പോർട്ടിലാണ് ഉദ്ഘാടനം നടന്നത്. തുരങ്കത്തിനു മുന്നിൽ പ്രധാനമന്ത്രി ഫോട്ടോസെഷനിലും പങ്കെടുത്തു. . പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അടക്കമുള്ളവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഹിമാചല്‍ പ്രദേശിലെ മണാലി-ലേ ഹൈവേയില്‍ 9.02 കിലോമീറ്റര്‍ നീളമുള്ള തുരങ്കം സമുദ്രനിരപ്പില്‍നിന്ന് 3000 മീറ്റര്‍ ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 10 വര്‍ഷമെടുത്താണ് തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് ഉൾപ്പടെ കുതിച്ചുചാട്ടമുണ്ടാക്കുന്നതാണ് റോത്താംഗിലെ അടൽ തുരങ്കം.

പത്തു വർഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് അടൽ തുരങ്കം നിർമ്മിച്ചത്. പദ്ധതിയിൽ ഏറെയും മലയാളിത്തിളക്കമാണ്. മലയാളിയായ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ.പി.പുരുഷോത്തമനാണ് പദ്ധതിക്ക് നേത്വത്വം നൽകിയത്. തുരങ്കത്തിന്റെ എഞ്ചീനീയറിംഗ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ നടത്തിയത് മലയാളിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് എന്ന പ്രത്യേകതയുമുണ്ട്.

തുരങ്കപാത യാഥാര്‍ഥ്യമായതോടെ മണാലി-ലേ യാത്രാ ദൂരം 46 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാസമയം അഞ്ച് മണിക്കൂര്‍ കുറയുകയും ചെയ്യും. മണാലി-ലഡാക്ക് ദേശീയപാതയിയില്‍ റോഹ്തങ് ചുരത്തിലെ മഞ്ഞു മലകള്‍ക്കടിയിലൂടെയാണ് അടല്‍ ടണല്‍ നിര്‍മിച്ചിരിക്കുന്നത്. മഞ്ഞുകാലത്ത് ആറു മാസത്തോളം അടഞ്ഞു കിടക്കുന്ന റോഹ്തങ് ചുരം ഒഴിവാക്കി അടല്‍ ടണല്‍ വഴി യാത്രചെയ്യാം.

2002 മെയ് 26ന് ദക്ഷിണ പോർട്ടലിലേക്കുള്ള അപ്രോച്ച് റോഡിന്റെ ശിലാസ്ഥാപനം നടത്തിയത് അടൽ ബിഹാരി വാജ് പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്തായിരുന്നു. പിന്നീട് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ തുരങ്കത്തിന്റെ പേര് അടൽ ടണൽ എന്നാക്കി. ഇരു കവാടങ്ങളിലും സുരക്ഷാ പരിശോധന സംവിധാനങ്ങൾ. എല്ലാ 150 മീറ്ററിലും ടെലിഫോൺ സംവിധാനം. എല്ലാ 60 മീറ്ററിലും അഗ്നിശമന ഉപകരണം ഒരോ 250 മീറ്ററിലും സിസിടിവി ക്യാമറകൾ , ഓരോ കിലോമീറ്ററിലും വായു ഗുണനിലവാര പരിശോധന. ഓരോ 25 മീറ്ററിലും ഇവാകുവേഷൻ ലൈറ്റിംഗ്/എക്സിറ്റ് ചിഹ്നങ്ങൾ. എല്ലാ 50 മീറ്ററിലും അഗ്നിബാധയേൽക്കാത്ത ഡാമ്പറുകൾ ഇങ്ങനെ നീളുന്നതാണ് അടൽ ടണലിന്റെ പ്രത്യേകതകൾ.