പ്രധാനമന്ത്രി വാഷിംഗ്ടണ്‍ ഡിസിയില്‍; ബൈഡനുമായി കൂടിക്കാഴ്ച ഇന്ന്

0

വാഷിംഗ്ടണ്‍ ഡിസി: ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തി.വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയെന്ന്, ആന്‍ഡ്രൂസ് വിമാനത്താവളത്തിലെ സ്വീകരണ ചിത്രങ്ങള്‍ സഹിതം മോദി ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തും. ശേഷം പ്രസിഡന്റ് ഔദ്യോഗികമായി നല്‍ക്കുന്ന അത്താഴവിരുന്നും നടക്കും.

യുഎന്‍ ആസ്ഥാനത്തെ യോഗാദിനാചരണത്തിന് ശേഷമാണ് മോദി വാഷിംഗ്ടണ്‍ ഡിസിയിലെത്തിയത്. ഏറ്റവും അധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോര്‍ഡ് നേട്ടമാണ് ഇത്തവണത്തെ യോഗ ദിനാചരണത്തിന് കൈവന്നത്. 135 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തില്‍ പങ്കെടുത്തത്.

ഖത്തറില്‍ 2022 ല്‍ നടന്ന യോഗ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്. ഇന്ത്യന്‍ എംബസിയുടെ കീഴിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സംഘടിപ്പിച്ച ആ യോഗ പരിപാടിയില്‍ 114 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഭാഗമായിരുന്നത്. ഈ ഗിന്നസ് റെക്കോര്‍ഡാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇത്തവണ തിരുത്തിയത്.

യോഗ ഇന്ത്യയുടെ സംഭാവനയാണെന്നും ജീവിതത്തിന്റെ ഭാഗമാണെന്നും പറഞ്ഞ അദ്ദേഹം യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും പറഞ്ഞു. നയതന്ത്ര രംഗത്ത് ഇന്ത്യയുടെ ശക്തി വിളിച്ചോതുന്ന പ്രൗഢ ഗംഭീര പരിപാടിയായി ഇത്തവണത്തെ യോഗ ദിനാചരണം മാറി. ശാരീരിക ആരോഗ്യ പരിപാലനം മാത്രമല്ല യോഗയിലൂടെ സ്വായത്തമാകുന്നതെന്നും അനുകമ്പയുള്ള മനസുകള്‍ സൃഷ്ടിക്കാനും യോഗയ്ക്ക് സാധിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പേറ്റന്റോ കോപ്പിറൈറ്റോ റോയല്‍റ്റിയോ യോഗയ്ക്ക് ഇല്ലെന്നും ലോകത്തിനും ഇന്ത്യയുടെ സംഭാവനയായി യോഗ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ മുന്നോട്ട് വെച്ച ആശയത്തെ ഏറ്റെടുത്ത് യോഗയ്ക്ക് ശക്തമായ പ്രചാരണം നല്‍കിയ ലോകരാഷ്ട്രങ്ങളെ പ്രധാനമന്ത്ര നരേന്ദ്ര മോദി അഭിനന്ദിച്ചു. പുതിയ ഗിന്നസ് റെക്കോര്‍ഡ് ചടങ്ങില്‍ വെച്ച് അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു.