ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

0

അവയവ മഫിയ സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്ത് പൊലീസ്. തൃശൂർ സ്വദേശി സബിത്താണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. ആളുകളെ ഇറാനിലെത്തിച്ചാണ് അവയവം എടുത്തിരുന്നത്. ചെറിയ തുക നൽകി വലിയ തുകയ്ക്ക് അവയവം വിൽക്കുകയാണ് ചെയ്യുന്നത്. നിരവധി പേരെ ഇത്തരത്തിൽ പ്രതി ഇറാനിലെത്തിച്ച് അവയവം കവർന്നെന്നാണ് വിവരം.

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ ഇറാനിലെത്തിക്കുന്നത്. പിന്നീട് അവയവം കവർന്ന ശേഷം തുഛമായ തുക നൽകി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അവയവം അന്താരാഷ്ട്ര മാർക്കറ്റിൽ വലിയ തുകയ്ക്ക് പ്രതി മറിച്ചു വിൽക്കുകയും ചെയ്യും. നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി.