‘മാന്‍ വേഴ്‌സസ് വൈല്‍ഡി’ൽ നരേന്ദ്ര മോദി: വിമർശനവുമായി പ്രതിപക്ഷം

0

ന്യൂഡല്‍ഹി: പ്രശസ്ത ടി വി പരിപാടി ‘മാന്‍ വേഴ്‌സസ്’ വൈല്‍ഡില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാന്‍ വേഴ്‌സസ് വൈല്‍ഡ് അവതാരകന്‍ ബിയര്‍ ഗ്രില്‍സാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഡിസ്കവറി ചാനലിലെ ‘മാൻ വേഴ്‌സസ് വൈൽഡ്’ പരിപാടിയുടെ ടീസർ പുറത്തുവന്നതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. ബിയര്‍ ഗ്രില്‍സിനൊപ്പം ചങ്ങാടത്തിലൂടെയും വനാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന മോദിയെ ട്രെയിലറില്‍ കാണാം.പുൽവാമ ഭീകരാക്രമണ സമയത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി എവിടെയായിരുന്നെന്നു തെളിഞ്ഞതായി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞു.

44 സി.ആർ.പി.എഫ് ജവാന്മാർ പുൽവാമയിൽ വീരമൃത്യു മരിച്ച സമയത്ത് പ്രധാനമന്ത്രി ഈ പരിപാടിയുടെ ഷൂട്ടിങ്ങിനായി സമയം ചെലവഴിക്കുകയായിരുന്നു. പുൽവാമ സംഭവം അറിഞ്ഞശേഷവും പ്രധാനമന്ത്രി ഷൂട്ടിംഗ് ആസ്വദിക്കുകയായിരുന്നു. യാതൊരു വിഷമവും കൂടാതെ അദ്ദേഹം ചിരിക്കുന്നത് ടീസറിൽ വ്യക്തമാണെന്നു ഷമ ട്വിറ്ററിൽ കുറിച്ചു. ഫെബ്രുവരി 14ന് കാശ്‍മീരിലെ പുൽവാമയിൽ ഭീകരാക്രമണം നടന്ന സമയത്താണ് മോദി വീഡിയോ ചിത്രീകരണത്തിൽ പങ്കെടുത്തതെന്ന് അന്നുതന്നെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. ഷൂട്ടിംഗിന്റെ ചിത്രങ്ങൾ സഹിതമാണ് അന്ന് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചതും.

പരിപാടിയുടെ അവതാരകനായ ബിയർ ഗ്രിൽസിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷനൽ പാര്‍ക്കിലാണു മോദി വനാന്തര സാഹസിക യാത്ര നടത്തുന്നത്. പരിപാടിയുടെ പ്രചാരണ വിഡിയോ ഗ്രിൽസ് തന്നെയാണ് ട്വിറ്ററിൽ പുറത്തുവിട്ടത്. ഈ ട്വീറ്റ് മോദിയും പങ്കുവച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവുമായുള്ള അപൂർവ വനസഞ്ചാരം എന്നാണു വീഡിയോ പറയുന്നത്. കാൽനടയായി മോദി കാട്ടിലൂടെ നടക്കുന്നത്, മുളകൊണ്ട് ആയുധമുണ്ടാക്കുന്നത്, ചെറുവഞ്ചിയിൽ സഞ്ചരിക്കുന്നത് തുടങ്ങിയവയാണു വിഡിയോയിൽ ഉള്ളത്. പ്രത്യേക എപ്പിസോഡ് ഡിസ്കവറി ചാനലിലും നെറ്റ്‌വർക്കിലുമായി 180 രാജ്യങ്ങളിൽ ഒാഗസ്റ്റ് 12ന് സംപ്രേഷണം ചെയ്യും.

പരിപാടിയുടെ ട്രെയിലറും ബിയര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ബിയറിനെ ഇന്ത്യയിലേക്ക് മോദി സ്വാഗതം ചെയ്യുന്നതും നാല്‍പ്പത്തഞ്ചു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറിൽ കാണാം. . പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവിതത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും സന്ദേശത്തിന് ഊന്നൽ നല്‍കുന്ന ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള വലിയൊരു അവസരമായാണ് താനിതിനെ കണ്ടതെന്നും മോദി പറയുന്നു.