രണ്ടാം ഭാഗത്തിനായി വേണ്ടി മാത്രം ഒരു രണ്ടാം ഭാഗം എന്ന് വേണേൽ പറയാം. ആന പിണ്ടത്തിൽ നിന്നും ചന്ദനത്തിരിയുണ്ടാക്കി ബിസിനസ്സ്കാരനാകാൻ പെടാപാട് പെടുന്ന ജോയ് താക്കോൽക്കാരന്റെ ജീവിതകഥയിൽ ഒരു സ്വാഭാവികതയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആദ്യ കഥയിലെ നർമ്മങ്ങളും മറ്റും നന്നായി ആസ്വദിക്കാൻ പറ്റിയിരുന്നു. ശുഭകരമായി അവസാനിച്ച ആ കഥക്ക് ഒരു രണ്ടാം ഭാഗം വരുന്നുണ്ടെന്നു അറിഞ്ഞപ്പോൾ തോന്നിയ ആകാംക്ഷയൊക്കെ വെറുതെയായി. ജോയ് താക്കോൽക്കാരൻ രാഷ്ട്രീയം വിട്ടതിനും അഗർബത്തീസ് കമ്പനി ജപ്തി ചെയ്യപ്പെട്ടതിനും ഭാര്യ മരിച്ചു പോയതിനുമൊന്നും പ്രത്യേകിച്ച് കാര്യ കാരണ വിശദീകരണങ്ങൾ നൽകാതെ വീണ്ടുമൊരു തകർച്ചയിൽ നിന്നും മാത്രമേ ജോയ് താക്കോൽക്കാരനെ പുനരവതരിപ്പിക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിൽ തന്നെ പിഴച്ചു പോയിട്ടുണ്ട് സിനിമ. ആനപ്പിണ്ടത്തിൽ നിന്നും ചന്ദനത്തിരി ഉണ്ടാക്കുക എന്നതായിരുന്നു ആദ്യ സിനിമയിൽ ജോയ് താക്കോൽക്കാരന്റെ ബിസിനസ് സംരഭമെങ്കിൽ രണ്ടാം പതിപ്പിൽ അത് ആനമൂത്രത്തിൽ നിന്നും പുണ്യാളൻ വെള്ളമുണ്ടാക്കലാണ് പരിപാടി.


ജോയ് താക്കോൽക്കാരന്റെ പുതിയ പ്രോഡക്ട് എന്ന് പറഞ്ഞാൽ എല്ലാ കാലത്തും ആനയുടെ വിസർജ്യത്തിൽ നിന്ന് മാത്രമേ പാടൂ എന്ന നിർബന്ധം എന്തിനായിരുന്നു എന്ന് ഒരു പിടിയുമില്ല . ചന്ദനത്തിരി നിർമ്മാണം പോലെ ലോജിക്കുള്ളതല്ലായിരുന്നു പുണ്യാളൻ വെള്ളത്തിന്റെ നിർമ്മാണം എന്ന് തന്നെ പറയാം. സാധാരണ കുടിവെള്ളം മാത്രം കുടിച്ചു ശീലിച്ചിരുന്ന മലയാളി ഇപ്പോൾ ബോട്ടിൽഡ് മിനറൽ വാട്ടറിന്റെ വലിയ ഉപഭോക്താക്കളായി മാറിയില്ലേ എന്ന ന്യായീകരണം കൊണ്ടാണ് ആനമൂത്രത്തിൽ നിന്നുള്ള പുണ്യാളൻ വെള്ളത്തിന്റെ ഭാവി മാർക്കറ്റിനെ കുറിച്ച് ജോയ് താക്കോൽക്കാരൻ പ്രതീക്ഷയോടെ കാണുന്നത്. ഗോ മൂത്രത്തെ മതപരമായും രാഷ്ട്രീയപരമായും ശാസ്ത്രീയപരമായുമൊക്കെ മഹത്-വത്ക്കരിക്കാൻ കുറേ പേർ പാടുപെടുന്ന ഈ കാലത്താണ് ജോയ് താക്കോൽക്കാരൻ ആനമൂത്രത്തെ വിപണിയിലെത്തിക്കുന്നത് എന്നോർക്കണം. ഇനി പരസ്യം കണ്ടാൽ മലയാളികൾ എന്ത് മൂത്രം വേണേലും കുടിച്ചോളും എന്ന് ആക്ഷേപത്തെ ശരി വക്കാനാണ് ഇപ്പറഞ്ഞതൊക്കെ കാണിച്ചു കൂട്ടുന്നതെങ്കിൽ ജോയ് താക്കോൽക്കാരന്റെ ബിസിനസ് തകർച്ചയിൽ പ്രേക്ഷകർക്ക് സഹതപിക്കാനുള്ള വകുപ്പ് സിനിമയിൽ ചേർക്കേണ്ടതുമില്ലായിരുന്നു. അപ്രകാരം കൃത്യമായൊരു നിലപാടില്ലാത്ത കാണിച്ചു കൂട്ടലുകളാണ് സിനിമ മുഴുവൻ .


വിജയ രാഘവന്റെ മുഖ്യമന്ത്രി കഥാപാത്രത്തെ ഫ്രോഡ് എന്ന് വെളിപ്പെടുത്തുമ്പോഴും സിനിമ അവസാനിക്കുമ്പോൾ പോലും ആ ഫ്രോഡിനെ ഒഴിവാക്കാൻ പാകത്തിലൊരു പക്വതയുള്ള നിലപാടിൽ ജോയ് താക്കോൽക്കാരൻ എത്തിക്കാണുന്നില്ല. രാഷ്ട്രീയക്കാരുടെ ഉഡായിപ്പുകൾക്കെതിരെയും നാടിന്റെ നന്മക്ക് വേണ്ടിയുമൊക്കെ ജോയ് താക്കോൽക്കാരൻ ചില ചൂണ്ടി കാണിക്കലുകൾ നടത്തുന്നുണ്ടെങ്കിലും അതെല്ലാം ഉന്നയിക്കാൻ മാത്രം ധാർമികനല്ല ജോയ് താക്കോൽക്കാരൻ എന്ന പോയിന്റിൽ സിനിമയുടെ ഉദ്ദേശ്യ ശുദ്ധി പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം. കൈക്കൂലി വാങ്ങുന്നവനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിൽ വലിയ തെറ്റ് കാണുന്നില്ല എന്ന് പറയുന്നതിനൊപ്പം ജോയ് താക്കോൽക്കാരനെ ഒരു വലിയ ശരിയായി സിനിമ അടയാളപ്പെടുത്താൻ ശ്രമിക്കുന്നതിലും നിലപാട് സംബന്ധമായി പാളിച്ചകളുണ്ട്. റോഡിലെ കുണ്ടും കുഴിയും ടോൾ പിരിവും മറ്റു പ്രശ്നങ്ങളും തൊട്ടു കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനവും ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ചടക്കം പല വിഷയങ്ങളിലും ജോയ് താക്കോൽക്കാരൻ തന്റെ ക്ഷോഭം അറിയിക്കുന്നുണ്ട് എന്നതൊഴിച്ചാൽ ബാക്കിയെല്ലാം ഉപരിപ്ലവമായിരുന്നു. മെർസലിലെ പോലെ അക്കാര്യങ്ങളൊക്കെ വിവാദങ്ങളിലൂടെയെങ്കിലും ചർച്ച ചെയ്യപ്പെടാനുള്ള ഒരവസരം എന്ത് കൊണ്ടോ ഈ സിനിമക്ക് വീണു കിട്ടിയില്ല എന്ന് പറയാം.


നൈല ഉഷയുടെ കഥാപാത്രത്തെ ഒഴിവാക്കിയ കൂട്ടത്തിൽ അജു വർഗ്ഗീസിന്റെ കഥാപാത്രത്തെ കൂടി ഒഴിവാക്കാമായിരുന്നില്ലേ എന്ന് ചിന്തിച്ചു പോകും വിധമാണ് അജു വർഗ്ഗീസ് സ്‌കൈപ്പ് കാളിൽ വന്നു വെറുപ്പിച്ചത്. ധർമ്മജന്റെ കോമഡി നമ്പറുകളും വേണ്ട പോലെ ഏശിയില്ല. ബാങ്ക് മാനേജർ ആയി വന്ന ഗിന്നസ് പക്രുവിന്റെ പ്രകടനം നന്നായി തോന്നി.കോമാളികളി ഇല്ലാതെ തന്നെ ആ രൂപം കൊണ്ട് അത്രക്കും ഗംഭീരമായാണ് ആ ചെറിയ ബാങ്ക് മാനേജർ കഥാപാത്രത്തെ പുള്ളി അവതരിപ്പിച്ചത്. തന്നെക്കാൾ നീളമുള്ള മോളോടൊപ്പം ആ മനുഷ്യൻ ദൂരേക്ക് നടന്നു പോകുമ്പോൾ ജോയ് താക്കോൽക്കാരൻ പറയുന്നുണ്ട് ഞാൻ ജീവിതത്തിൽ ഏറ്റവും റെസ്‌പെക്ട് ചെയ്യുന്ന ഒരു മനുഷ്യനാണ് അത് എന്ന്. ആ സീൻ ഈ സിനിമയിലെ ഒരു ബോണസ് ആയികാണേണ്ട സീനാണ്. ഉയരം കുറഞ്ഞവർ കോമഡിക്ക് വേണ്ടി വാർത്തുണ്ടാക്കിയ ശരീര രൂപങ്ങളാണ് എന്ന ഒരു പൊതു ധാരണ മലയാള സിനിമയിൽ എല്ലാ കാലത്തുമുണ്ടായിരുന്നു. കെ ജി ജോർജ്ജിന്റെ മേള, വിനയന്റെ അത്ഭുത ദ്വീപ്, അമൽ നീരദിന്റെ കുള്ളന്റെ ഭാര്യ തുടങ്ങി പല സിനിമകളും ആ ധാരണയെ വേറിട്ട ചലച്ചിത്ര ഭാഷ്യം കൊണ്ട് തിരുത്തിയിട്ടുണ്ട് എന്നത് വേറെ കാര്യം. എങ്കിലും ഇതാദ്യമായിരിക്കാം കാര്യ ഗൗരവത്തോടെ ഒരു ചെറു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഗിന്നസ് പക്രുവിനെ പോലൊരാൾക്ക് അവസരം കിട്ടിയിട്ടുണ്ടാകുക.

ആകെ മൊത്തം ടോട്ടൽ = തൃശ്ശൂർ ഭാഷാ സ്നേഹമുള്ളവർക്കും ജയസൂര്യയോടിഷ്ടമുള്ളവർക്കും ആ ഒരു ഓളത്തിൽ കണ്ടിരിക്കാം. അതിനപ്പുറം കാമ്പുള്ള കഥയോ അവതരണമോ പ്രതീക്ഷിച്ചു കാണേണ്ടതില്ല.

Originally Published in സിനിമാ വിചാരണ

ലേഖകന്‍റെ ബ്ലോഗ്‌ ഇവിടെ വായിക്കാം

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.